ക്രിസ്റ്റ്യാനോയെ തഴഞ്ഞത് സ്പാനിഷ് വമ്പന്‍; കാരണം ആരാധകര്‍ കോപിക്കുമെന്ന ഭയം

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് വിട്ട് ആദ്യം ചേക്കേറാന്‍ നീക്കമിട്ടത് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിലെന്ന് റിപ്പോര്‍ട്ട്. സിആര്‍7നെ കൂടെക്കൂട്ടാന്‍ അത്‌ലറ്റിക്കോയ്ക്ക് അര്‍ദ്ധ മനസുണ്ടായിരുന്നെങ്കിലും ആരാധക രോഷം ഭയന്ന് അവര്‍ പിന്മാറിയെന്നും പറയപ്പെടുന്നു.

യുവന്റസ് വിടാന്‍ തീരുമാനിച്ച ക്രിസ്റ്റ്യാനോയ്ക്കായി താരത്തിന്റെ ഏജന്റ് യോര്‍ഗെ മെന്‍ഡസ് അത്‌ലറ്റിക്കോയുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. എന്നാല്‍ റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കുന്ന കാലത്ത് ഉശിരന്‍ പ്രകടനങ്ങളിലൂടെ അത്‌ലറ്റിക്കോ മാഡ്രിനെ കുത്തിനോവിച്ച റോണോയെ ടീമിലെടുത്താല്‍ അത് ആരാധകരുടെ രോഷത്തിന് ഇടയാകുമെന്ന് ക്ലബ്ബ് മാനെജ്‌മെന്റ് ഭയന്നത്രെ. തുടര്‍ന്നാണ് ഫ്രഞ്ച് ഫോര്‍വേഡ് അന്റോയ്ന്‍ ഗ്രിസ്മാനെ അത്‌ലറ്റിക്കോയില്‍ തിരികയെത്തിക്കാന്‍ കോച്ച് ഡീഗോ സിമിയോണി തീരുമാനിച്ചത്. സൗള്‍ നിഗൂസ് ചെല്‍സിക്ക് പോയത് ഗ്രിസ്മാനെ തിരിച്ചുപിടിക്കാന്‍ അത്‌ലറ്റിക്കോയെ സഹായിക്കുകയും ചെയ്തു.

യുവന്റസുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ക്രിസ്റ്റ്യാനോയെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ് ആദ്യം നോട്ടമിട്ടത്. എന്നാല്‍ സിറ്റിയെ ഞെട്ടിച്ച് ക്രിസ്റ്റ്യാനോയെ നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുകയായിരുന്നു. വിഖ്യാത കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ ഇടപെടലാണ് അവസാന നിമിഷം സിറ്റിയെ കൈവിടാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു.