'ഞങ്ങളെ നേരിടാന്‍ ബ്രസീലിന് താത്പര്യമുണ്ടാകില്ല'; പരിഹസിച്ച് അര്‍ജന്റൈന്‍ താരം

ലോകകപ്പില്‍ തങ്ങള്‍ക്കെതിരേ കളിക്കാന്‍ ബ്രസീല്‍ ടീം ആഗ്രഹിക്കുന്നുണ്ടാവില്ലെന്നു അര്‍ജന്റൈന്‍ മുന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ. ലോകകപ്പില്‍ ഫുട്ബോള്‍ ലോകം കാത്തിരിക്കുന്ന സെമി പോരാട്ടമാണ് ഇത്. എന്നാല്‍ കോപ്പ അമേരിക്ക പരാജയം ബ്രസീലിനെ വേട്ടയാടുമെന്നാണ് അഗ്വേറോ പറയുന്നത്.

കോപ്പ അമേരിക്കയുടെ ഫൈനലില്‍ ബ്രസീല്‍ അവസാനമായി ഞങ്ങളോടു തോറ്റിരുന്നു. അതുകൊണ്ടു തന്നെ ഈ ലോകകപ്പിലും ഞങ്ങളോടു കളിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല- അഗ്വേറോ പറഞ്ഞു.

അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ സെമി ഫൈനലില്‍ ബ്രസീല്‍-അര്‍ജന്റീന എല്‍ ക്ലാസിക്കോയ്ക്കു ലോകം സാക്ഷിയാവും. ഇതു സംഭവിക്കാന്‍ ഇരുടീമുകള്‍ക്കും വേണ്ടത് ഓരോ വിജയം മാത്രമാണ്.

ബ്രസീലും അര്‍ജന്റീനയും ഇതിനകം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിക്കഴിഞ്ഞു. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സാണ് അര്‍ജന്റീനയെ കാത്തിരിക്കുന്നതെങ്കില്‍ ബ്രസീലിന്റെ എതിരാളികള്‍ ക്രൊയേഷ്യയാണ്.