യുറോയില്‍ മരണത്തെ മുഖാമുഖം കണ്ടു, പതറാതെ തിരിച്ചുവന്നു ; എറിക്‌സണെ സ്വന്തമാക്കിയത് ഇംഗ്‌ളീഷ് ക്ലബ്ബ് ബ്രന്റ്‌ഫോര്‍ഡ്

കഴിഞ്ഞ യൂറോകപ്പില്‍ കളത്തില്‍ വെച്ച് മരണത്തെ മുഖാമുഖം കണ്ട ഡന്മാര്‍ക്കിന്റെ ഫുട്‌ബോള്‍താരം ക്രിസ്റ്റ്യന്‍ എറിക്സണെ ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ക്ലബ്ബ് ബ്രെന്റ്‌ഫോര്‍ഡ് സ്വന്തമാക്കി. ഈ സീസണ്‍ അവസാനിക്കുന്നത് വരെ എറിക്സണ്‍ ബ്രെന്റ്ഫോര്‍ഡിനായി പന്തുതട്ടും. ഏഴു മാസത്തിന് ശേഷമാണ് താരത്തിന്റെ മടങ്ങിവരവ്.

യൂറോ കപ്പില്‍ ഫിന്‍ലന്റിനെതിരായ മത്സരത്തില്‍ വെച്ചായിരുന്നു ഹൃദയാഘാതം മൂലം എറിക്‌സണ്‍ കുഴഞ്ഞു വീണത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്റോ അവസാനിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബ്രെന്റ് ഫോര്‍ഡാണ് എറിക്സണെ സ്വന്തമാക്കിയത്. എറിക്സന്റെ തിരിച്ചുവരവിനെ ഫുട്ബോള്‍ ലോകം ആഘോഷമാക്കുകയാണിപ്പോള്‍.

ഡെന്മാര്‍ക്കിന് വേണ്ടി 109 മത്സരങ്ങള്‍ കളിച്ച എറിക്‌സണ്‍ 36 ഗോളുകള്‍ നേടിയിട്ടുണ്ട്. നെതര്‍ലന്റിലെ അജാക്‌സ് ആംസ്റ്റര്‍ഡാമില്‍ കളിച്ചുതുടങ്ങിയ താരമാണ് എറിക്‌സണ്‍. പ്രീമിയര്‍ ലീഗിലെ തന്നെ ടോട്ടനത്തിന്റെ താരമായിരുന്ന എറിക്സണ്‍ പിന്നീട് ഇന്റര്‍മിലാനിലേക്ക് കൂടുമാറി. ഇന്ററിനൊപ്പം സീരി എ കിരീടനേട്ടത്തില്‍ പങ്കാളിയായിട്ടുണ്ട്. ടോട്ടനത്തിനായി 305 മത്സരങ്ങളില്‍ എറിക്‌സണ്‍ ബൂട്ടണിച്ചിട്ടുണ്ട്.