'സൗത്ത് ആഫ്രിക്കയിലേക്ക്' വരുന്നത് എന്റെ കരിയറിന്റെ അവസാനമായിട്ടല്ല; ഇയാളിത് എന്തോന്ന്!

ഒടുവില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയില്‍ പറന്നിറങ്ങി. താരത്തിന് വമ്പന്‍ വരവേല്‍പ്പാണ് ക്ലബ്ബ് ഒരുക്കിയത്. ഗംഭീര സ്വീകരണത്തിനുശേഷം റൊണാള്‍ഡോ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതിനിടെ താരത്തിനു പറ്റിയ നാക്കുപിഴ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സൗദി അറേബ്യയ്ക്ക് പകരം സൗത്ത് ആഫ്രിക്ക എന്നാണ് താരം അറിയാതെ പറഞ്ഞത്. ‘എന്നെ സംബന്ധിച്ച്, സൗത്ത് ആഫ്രിക്കയിലേക്ക് വരുന്നത് എന്റെ കരിയറിന്റെ അവസാനമായിട്ടല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ട്രോളന്മാര്‍ നാക്കുപിഴ ഏറ്റെടുക്കുകയും ചെയ്തു.

ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണിത്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. യൂറോപ്പില്‍ എന്റെ ജോലി അവസാനിച്ചു. ഞാനെല്ലാം നേടി. യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളില്‍ കളിക്കാനായി. ഇനി ഏഷ്യയില്‍ പുതിയ വെല്ലുവിളികളെ നേരിടണം.

ഞാന്‍ അല്‍ നസ്ര് ക്ലബ്ബിനോട് കടപ്പെട്ടിരിക്കുന്നു. എനിക്ക് യൂറോപ്പില്‍ നിന്നും ബ്രസീലില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നു. എന്തിനേറെ പറയുന്നു പോര്‍ച്ചുഗലില്‍ നിന്ന് വരെ പല ക്ലബ്ബുകളും എന്നെ സമീപിച്ചു. പക്ഷേ ഞാന്‍ വാക്കുകൊടുത്തത് അല്‍ നസ്റിനാണ്. ഫുട്ബോളിന്റെ വളര്‍ച്ച മാത്രമല്ല ഈ രാജ്യത്തിന്റെ വളര്‍ച്ചയും എന്നിലൂടെയുണ്ടാവട്ടെ എന്ന് കരുതിയാണ് ഞാന്‍ ഈ തീരുമാനം കൈക്കൊണ്ടത്- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.