പണ്ടെന്നൊ കെട്ടടങ്ങാതെ കരുതിവെച്ച സ്പാര്‍ക്ക് മകനിലൂടെ ആളിപ്പടരുന്നു, ഒരു പിതാവിന് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം...

പിടി ജാഫര്‍

കാലം ചിലപ്പോള്‍ കാത്തുവെയ്ക്കുന്നത് എന്തെല്ലാം വിചിത്ര കാര്യങ്ങളാണല്ലെ. 2009ല്‍ ഞാന്‍ നിലമ്പൂരില്‍ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പൊഴാണ് നിസാര്‍ എന്ന ഓട്ടൊക്കാരനെ പരിചയപ്പെട്ടത്. സാധാരണ ഓട്ടൊക്കാരെക്കാളും വേറിട്ടൊരു പേര്‍സാണാലിറ്റി ആയിരുന്നു നിസാറിക്കാക്ക്. അക്കാലത്ത് ഡെസ്‌ക് ടോപ് കമ്പ്യൂട്ടര്‍ വാങ്ങിപോകുമ്പൊ ഒരു ഓട്ടൊയില്‍ കൊള്ളാവുന്നത്ര സാധനങ്ങളുണ്ടാവും. കമ്പ്യൂട്ടര്‍ ടേബിള്‍ പോലും ഇങ്ങനെ വാങ്ങിയായിരുന്നു പോകുക.

സാധാരണ പാസഞ്ചര്‍ ഓട്ടൊ ആകുമ്പൊ സാധനങ്ങളും ലോഡ് ചെയ്യാന്‍ അതീവ ശ്രദ്ധയും കരുതലൊക്കെ വേണ്ട സംഗതിയാണ്. സാധാരണ ഓട്ടൊക്കാര്‍ അവരുടെ ഒരു ട്രിപ്പിനപ്പുറം അതിലൊന്നും ഗൗരവ്വം കൊടുക്കാറില്ല. എന്നാല്‍ നിസാര്‍ ,കമ്പ്യൂട്ടര്‍ വാങ്ങി പോകുന്ന ആളുകളെ കൗതുകവും അവരുടെ വസ്തുവിന്മേലുള്ള വാല്യൂ വരെ നോക്കി ശ്രദ്ധിക്കുമായിരുന്നു. എക്‌സ് ഗള്‍ഫ് ആയിരുന്ന നിസാര്‍ പണ്ടെ ഫുട്‌ബോള്‍ കളിക്കമ്പത്തെ പറ്റി പറയുകയും… എസ് എസ് എല്‍ സി പാസായി, മമ്പാട് കോളേജില്‍ പഠിച്ചതും.. കളിപ്രാന്തില്‍ പഠനം തുലച്ചതൊക്കെ പറയുമായിരുന്നു. ആ കാലത്തും പുള്ളി ഫുട്‌ബോളിനെ കുറിച്ച് ആവേശഭരിതനാകുമായിരുന്നു.

നീണ്ടവര്‍ഷങ്ങള്‍ക്ക് ശേഷം പുള്ളിയെ കണ്ടിരുന്നില്ല. ഈയിടെ നാട്ടില്‍പോയപ്പോഴും ഞാന്‍ പുള്ളിയെ അന്വേഷിച്ചിരുന്നു. കണ്ടിരുന്നില്ല. ഇന്ന് യാദൃശ്ചികമായാണ് അറിയുന്നത് സന്തോഷ് ട്രോഫി സെമി ഫൈനല്‍ മല്‍സരത്തില്‍ പകരക്കാരനായി ഇറങ്ങിയ ടികെ ജസിന്‍ നിസാറിന്റെ മകനാണെന്ന്. ഇത്ര ചെറുപ്പത്തിലെ അഞ്ചുഗോളുകളടിച്ച് ചരിത്രത്തിലേക്ക് അവന്‍ കയറി പോകുമ്പൊ, പണ്ട് കളിപ്രാന്തില്‍ പഠനം തുലച്ചസങ്കടം പറഞ്ഞ മനുഷ്യന്, പണ്ടെന്നൊ കെട്ടടങ്ങാതെ കരുതിവെച്ച സ്പാര്‍ക്ക് അതാ മകനിലൂടെ ആളിപടരുന്നു. അഭിമാനിക്കാന്‍ ഒരു പിതാവിന് ഇതില്‍ കൂടുതല്‍ എന്തുവേണം…

ടികെ ജസിന്റെ ഓരോ കളിതട്ടിലും തനിക്ക് നഷ്ടമായതിനെ തിരിച്ചുപിടിക്കാനായി കൂടെ നിന്നൊരു പിതാവിന്റെ നിലയ്ക്കാത്ത പോരാട്ട സ്വപ്നങ്ങള്‍ ഉണ്ടാവുമെന്ന് ഞാന്‍ ഊഹിക്കട്ടെ. ഇനിയും കീഴ്‌പെടുത്താനുള്ള ഉയരങ്ങള്‍ക്ക് വേണ്ടി സജ്ജനായിരിക്കൂ മിത്രമെ..