കളിക്കാര്‍ക്കെതിരെ ആഞ്ഞടിച്ച് സിദാന്‍

ലാലിഗയില്‍ മോശം ഫോം തുടരുകയാണ് റയല്‍. അവസാനം സെല്‍റ്റ വിഗോയ്‌ക്കെതിരെ നടന്ന മത്സരത്തിലും സമനിലയില്‍ കുരുങ്ങിപ്പോവുകയായിരുന്നു സ്പാനിഷ് സൂപ്പര്‍ ക്ലബ്. ഇതോടെ റയലിന്റെ ലാലിഗ കിരീടം എന്ന മോഹത്തിന് തിരിച്ചടിയേല്‍ക്കുകയും ചെയ്തു. പട്ടികയില്‍ നാലാം സ്ഥാനത്താണ് റയല്‍ . ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയേക്കാള്‍ 16 പോയന്റ് പിറകിലാണ് റയലിപ്പോള്‍.

റയല്‍ പരിശീലകന്‍ എന്തായാലും റയലിന്റെ പ്രകടനല്ലില്‍ സംതൃപ്തനല്ല. ലാലിഗ കിരീടത്തെക്കുറിച്ച് ചോദിക്കുന്നത് അവസാനിപ്പിക്കാനാണ് ഈ മുന്‍ ഫ്രഞ്ച് ഇതിഹാസം പറഞ്ഞിരിക്കുന്നത്. ലാലിഗയെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കില്ല. എല്ലാ ആഴ്ചകളിലും കിരീടത്തെക്കുറിച്ച് ചോദിച്ചാല്‍ മറുപടി ഇല്ല എന്നാണ് റയല്‍ പരിശീലകന്‍ പറഞ്ഞത്. ലീഗില്‍ ഞങ്ങള്‍ക്ക് മുന്നേറാനായിട്ടില്ല. തോല്‍വിയും സമനിലയും കാരണം ലീഗില്‍ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല.

ലീഗില്‍ ഇതുവരെ റയല്‍ താരങ്ങള്‍ക്ക് ഫോം കണ്ടെത്താനായിട്ടില്ല. റൊണാള്‍ഡോയും ബെന്‍സേമയുമുള്‍പ്പെടെയുള്ളവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്തതും ടീമിനെ അലട്ടുന്നുണ്ട്.

സെല്‍റ്റ വിഗോയ്‌ക്കെതിരായ മത്സരത്തില്‍ സമനിലയിലായത് ഞങ്ങളെ ദേഷ്യത്തിലാക്കിയിട്ടുണ്ട്. കളിയുടെ രണ്ടാം പകുതി ഞങ്ങള്‍ക്ക് പ്രതീക്ഷിച്ചതുപോലെ കളിക്കാന്‍ കഴിഞ്ഞില്ല.സിദാന്‍ പറഞ്ഞു.

ലീഗില്‍ ബാഴ്‌സലോണ കുതിപ്പ് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയന്റ് വ്യത്യാസം 9 ആയി ഉയര്‍ത്തി വ്യക്തമായ ആധിപത്യം സ്ഥാപിക്കാനും കാറ്റലന്‍ സംഘത്തിന് കഴിഞ്ഞു.