ഖത്തറിന്റെ വിവാദ ഗോള്‍ അന്വേഷിക്കണം; ഫിഫയ്ക്ക് പരാതി നല്‍കി എഐഎഫ്എഫ്

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഖത്തര്‍ നേടിയ വിവാദ ഗോളില്‍ അന്വേഷണം ആവശ്യപ്പെട്ട് എഐഎഫ്എഫ് ഫിഫയ്ക്ക് പരാതി നല്‍കി. ഗോള്‍ ലൈനിന് പുറത്തുപോയ പന്ത് അകത്തേക്ക് തട്ടിയിട്ട് വലക്കുള്ളിലാക്കിയാണ് ഖത്തര്‍ മത്സരത്തില്‍ സമനില പിടിച്ചത്. ഇത് ഇന്ത്യയുടെ പരാജയത്തിന് കാരണമാവുകയും ചെയ്തു.

ജയപരാജയങ്ങള്‍ മത്സരത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ അത് സന്തോഷത്തോടെ അംഗീകരിക്കുകയും ചെയ്യുന്നു. പക്ഷേ ഖത്തറിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വഴങ്ങേണ്ടിവന്ന രണ്ട് ഗോളുകളില്‍ ഒന്ന് ചില ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നതാണ്. മത്സരത്തിലെ ഗുരുതരമായ മേല്‍നോട്ട പിഴവ് ചൂണ്ടിക്കാട്ടി ഫിഫ ക്വാളിഫയേഴ്സ് ഹെഡ്, എഎഫ്സി ഹെഡ് റഫറിമാര്‍, മാച്ച് കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്.

ഇന്ത്യയുടെ മൂന്നാം റൗണ്ട് സ്വപ്നങ്ങള്‍ തകര്‍ത്ത സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഞങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അനീതി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഫിഫയും എഎഫ്സിയും സ്വീകരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- എഐഎഫ്എഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

മത്സരത്തില്‍ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതോടെ ലോകകപ്പ് യോഗ്യത മത്സരത്തില്‍നിന്നും ഇന്ത്യ രണ്ടാം റൗണ്ടില്‍ പുറത്തായി.