ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോൾ താരം തന്റെ സ്വന്തം മണ്ണിലെ അവസാന മത്സരവും രാജകീയമായി പൂർത്തീകരിച്ചു. ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വലക്കെതിരെ എതിരില്ലാതെ മൂന്ന് ഗോളിനാണ് ലയണൽ മെസ്സിയും സംഘവും വിജയിച്ചത്. അർജന്റീനൻ മണ്ണിൽ അവസാനമായി മെസ്സി രണ്ട് ഗോളുകൾ നേടി.
39ാം മിനിറ്റിലാണ് മെസ്സി തന്റെ ആദ്യ ഗോൾ സ്വന്തമാക്കിയത് ബോക്‌സിനുള്ളിൽ വെച്ച് ജൂലിയൻ ആൽവരസ് നൽകിയ പാസ് മെസ്സി ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. വെനസ്വെലയെ ചിത്രത്തിൽ പോലും പെടുത്താതെ മത്സരത്തിലുടനീളം അർജന്റീനയായിരുന്നു പൂർണ ആധിപത്യം നേടിയത്. 76ാം മിനിറ്റിൽ ലൗത്താറോ മാർട്ടിനസ് ലീഡ് രണ്ടാക്കിയപ്പോൾ, 80ാം മിനിറ്റിൽ മെസ്സിയാണ് മൂന്നാം ഗോൾ അടിച്ചെടുത്തത്.
Read more
തിയാഗോ അൽമാഡയുടെ പാസിലാണ് മെസ്സിയുടെ രണ്ടാം ഗോൾ. പോസ്റ്റിനുള്ളിൽ പാസ് സ്വീകരിച്ച മെസ്സി അനായാസം പന്ത് വലയിലെത്തിച്ചും. 89ാം മിനിറ്റിൽ മെസ്സി ഒരെണ്ണം കൂടി ലക്ഷ്യത്തിലെത്തിച്ചെങ്കിലും റെഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. മത്സരത്തിൽ 17 ഷോട്ടുകൾ അർജന്റീന ഉതിർത്തപ്പോൾ ഒമ്പെതണ്ണമാണ് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. ഇതിൽ മൂന്നെണ്ണം ഗോളായും മാറി. മത്സരത്തിൽ 77 ശതമാനം സമയവും പന്ത് നിലനിർത്താൻ സ്‌കലോണിപ്പടക്ക് സാധിച്ചു.







