മെസിയും റൊണാൾഡൊയുമല്ല, ഞാൻ തിരഞ്ഞെടുക്കുന്ന മികച്ച താരങ്ങൾ അവരൊക്കെയാണ്: ആന്ദ്രെസ് ഇനിയേസ്റ്റ

ലോക ഫുട്ബോളിലെ രാജാക്കന്മാരാണ് ലയണൽ മെസിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും ഫുട്ബാളിൽ ഇനി തെളിയിക്കാനായി ഒന്നും തന്നെയില്ല. തങ്ങളുടെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെയാണ് താരങ്ങൾ കടന്നു പോകുന്നതെന്നും വൈകാതെ തന്നെ വിരമിക്കാൻ സാധ്യത ഉണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച മിഡ്‌ ഫീൽഡറായിരുന്നു സ്പെയിൻ താരമായ ആന്ദ്രെസ് ഇനിയേസ്റ്റ. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു അദ്ദേഹം ഫുട്ബാളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഫുട്ബാളിൽ തന്റെ മികച്ച താരങ്ങൾ ആരൊക്കെയാണെന്ന് തുറന്ന പറഞ്ഞ് അദ്ദേഹം ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ ആരാധകർ കാത്തിരുന്ന ഇനിയേസ്റ്റയുടെ മികച്ച താരങ്ങളിൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് സ്ഥാനമില്ല.

ആന്ദ്രെസ് ഇനിയേസ്റ്റ പറയുന്നത് ഇങ്ങനെ:

” കുട്ടിക്കാലം മുതലുള്ള എന്റെ ആരാധനാ പാത്രമാണ് ലോഡ്രുപ്പ്. അദ്ദേഹത്തിന്റെ ടെക്‌നിക്കും കളിച്ചിരുന്ന ശൈലിയും മനോഹരമായിരുന്നു. മിഡ്ഫീല്‍ഡറെന്ന നിലയില്‍ ലോഡ്രുപ്പിന്റെ അറ്റാക്കിങ് ശൈലി ഗംഭീരം തന്നെ. കുട്ടിയായിരിക്കുമ്പോള്‍ ലോഡ്രുപ്പിനെ പോലെയാവാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പേപ്പ് ഗ്വാര്‍ഡിയോളയും എന്റെ ലിസ്റ്റിലുണ്ട്. കാരണം ലോഡ്രുപ്പിനൊപ്പം കുട്ടിക്കാലം മുതലുള്ള തന്റെ ഹീറോയാണ് അദ്ദേഹം”

ആന്ദ്രെസ് ഇനിയേസ്റ്റ തുടർന്നു:

” സാവിക്കൊപ്പം ഞാന്‍ ദീര്‍ഘകാലം കളിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ പ്രകടനം ഞാന്‍ ടെലിവിഷനിലും ഒരുപാട് കണ്ടിട്ടുള്ളതാണ്. മല്‍സരങ്ങള്‍ എങ്ങനെ നിയന്ത്രിക്കണമെന്നു നന്നായി അറിയാവുന്ന സാവി എനിക്കു അനുയോജ്യനായ കളിക്കാരന്‍ കൂടിയാണ്. ശരിയായ സ്ഥലത്ത് മികവുറ്റ പാസുകള്‍ നല്‍കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. മാത്രമല്ല സാവി നല്ലൊരു ലീഡറും കൂടിയാണ്. തനിക്കു ഏറ്റവും അനുയോജ്യനായ മിഡ്ഫീല്‍ഡറും കൂടിയായിരുന്നു സാവി” ആന്ദ്രെസ് ഇനിയേസ്റ്റ പറഞ്ഞു.