വിരമിക്കാന്‍ ഒരുങ്ങി ലോക ഫുട്‌ബോളിലെ മൂന്നാമന്‍; സൂചന നല്‍കി കോച്ച്

ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബോളര്‍ സുനില്‍ ഛേത്രി വൈകാതെ വിരമിക്കും എന്ന സൂചന നല്‍കി ദേശീയ ടീം മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. സുനില്‍ ഛേത്രിയുടെ പ്രായം വിരമിക്കലിന്റെ അടുത്താണെന്നും ഒരു പക്ഷേ താരത്തിന്റെ അവസാന സീസണ്‍ ആയിരിക്കും ഇതെന്നും സ്റ്റിമാച്ച് പറഞ്ഞു.

സുനില്‍ ഛേത്രി ഫുട്ബോളില്‍ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍ കാലഘട്ടത്തിലൂടെ ആണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഒരു പക്ഷേ, സുനില്‍ ഛേത്രിയുടെ അവസാന സീസണ്‍ ആയിരിക്കും ഇത്. ചിലപ്പോള്‍ അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ കപ്പിലും കളിച്ചേക്കും.

തീര്‍ച്ചയായും സുനില്‍ ഛേത്രിയുടെ അവസാന ഏഷ്യന്‍ കപ്പ് ആയിരിക്കും അത്. വരാനിരിക്കുന്ന മാസങ്ങള്‍ സുനില്‍ ഛേത്രിയെ സംബന്ധിച്ച് ഏറ്റവും മികച്ചതായിരിക്കും എന്നും എനിക്ക് ഉറപ്പുണ്ട്- ഒരു അഭിമുഖത്തില്‍ സ്റ്റിമാച്ച് പറഞ്ഞു.

രാജ്യാന്തര ഫുട്ബോളില്‍ നിലവില്‍ കളിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ഗോളുള്ള മൂന്നാമത്തെ താരമാണ് സുനില്‍ ഛേത്രി.
131 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ സുനില്‍ ഛേത്രി 84 ഗോള്‍ സ്വന്തമാക്കി. 118 ഗോള്‍ ഉള്ള പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, 98 ഗോള്‍ ഉള്ള അര്‍ജന്റീനയുടെ ലയണല്‍ മെസി എന്നിവരാണ് ഛേത്രിക്ക് മുന്നില്‍ ഉള്ളത്.