മൂല്യമേറിയ താരങ്ങളില്‍ നെയ്മര്‍ ഒന്നാമത്, മെസ്സി രണ്ടാമത്, റോണോ ചിത്രത്തിലെങ്ങുമില്ല

ഫുട്‌ബോള്‍ താരങ്ങളുടെ മൂല്യം നിശ്ചയിക്കുന്ന ആധികാരിക പട്ടികയില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഒന്നാമത്. പ്രമുഖ ഫുട്‌ബോള്‍ ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റായ സി.ഐ.ഇ.എസ് ആണ് പട്ടിക പുറത്ത് വിട്ടത്.

213 ദശലക്ഷം യൂറോ(1700 കോടി ഇന്ത്യന്‍ രൂപ) മൂല്യമാണ് നെയ്മര്‍ക്ക് കണക്കാക്കുന്നത്. അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയാണ് രണ്ടാമത്. 202.2 ല ദശലക്ഷം യൂറോ(ഏകദേശം 1600 കോടി രൂപ) മൂല്യമാണ് ബാഴ്‌സലോണന്‍ സ്‌ട്രൈക്കര്‍ക്ക്.

ഏറെ ശ്രദ്ധേയമായ കാര്യം പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോളറായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പട്ടികയില്‍ 49-ാം സ്ഥാനത്തുമാത്രമാണ്. റയലിന്റെ സമീപകാലത്തുള്ള ഫോമില്ലായ്മ പട്ടികയില്‍ നിഴലിച്ചു. ഒരൊറ്റ മാഡ്രിഡ് താരവും ആദ്യ ഇരുപതില്‍ സ്ഥാനം പിടിച്ചിട്ടില്ല. 71.29 ദശലക്ഷം പൗണ്ട് മാത്രമാണ് അഞ്ച് തവണ ബാലണ്‍ ദ്യോര്‍ ജേതാവായ റോണാള്‍ഡോയുടെ താരമൂല്യം.

ഏറെ അട്ടിമറികളുമായി പുറത്തു വന്ന പട്ടികയില്‍ അപ്രതീക്ഷിത മുന്നേറ്റം നടന്നത് മൂന്നാം സ്ഥാനത്താണ്.ടോട്ടനം ഹോട്‌സ്പറിന്റെ ഗോള്‍ വേട്ടക്കാരന്‍ ഹാരി കെയ്നാണ് (195 ദശലക്ഷം യൂറോ, (ഏകദേശം 1500 കോടി രൂപ).
പി.എസ്. ജി സ്റ്റാര്‍ പ്ലയര്‍ എംബാപേ, യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാല ടോട്ടനത്തിന്റെ ഡെലി അല്ലി എന്നിവരാണ് നാലും അഞ്ചും ആറും സ്ഥാനത്ത്.

ഒരു കളിക്കാരന്റെ പ്രായം, പൊസിഷന്‍, കരാര്‍ ദൈര്‍ഘ്യം, പ്രകടനം, അന്താരാഷ്ട്ര സ്റ്റാറ്റസ് എന്നിവ കണക്കാക്കിയാണ് താര മൂല്യം നിശ്ചയിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡിബ്രൂയ്‌നെ (26), മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലുകാക്കു (24), പോള്‍ പോഗ്ബ (24) എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് പ്രീമിയര്‍ ലീഗ് താരങ്ങള്‍