മെസി ബാഴ്‌സയില്‍ തന്നെ; പ്രതിഫലത്തുക പകുതിയാക്കി വെട്ടിക്കുറച്ചു

ബാഴ്സലോണയുമായുള്ള കരാര്‍ സൂപ്പര്‍ താരം ലയണല്‍ മെസി പുതിക്കിയതായി റിപ്പോര്‍ട്ടുകള്‍. അഞ്ച് വര്‍ഷത്തേക്കാണ് മെസി തന്റെ കരാര്‍ പുതുക്കിയതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ പുതുക്കുന്നതിനൊപ്പം തന്റെ പ്രതിഫലവും മെസി വെട്ടിക്കുറച്ചിട്ടുണ്ട്.

ക്ലബ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഒരു മാതൃക എന്ന നിലക്കാണ് താരം പ്രതിഫലം വെട്ടിക്കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ കരാര്‍ പുതുക്കലിനെ കുറിച്ച് ക്ലബ്ബില്‍ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം വരുമെന്നാണ് സൂചന.

7.1 കോടി യൂറോ (ഏകദേശം 600 കോടി രൂപ) ആയിരുന്നു ബാഴ്സയില്‍ മെസിയുടെ കരാര്‍ തുക. ഒരു സീസണില്‍ 138 മില്യന്‍ യൂറോ (ഏകദേശം 1,200 കോടി) ആണ് താരത്തിന് ലഭിച്ചിരുന്നത്. ലാലീഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക.

കരാര്‍ പുതുക്കാത്തതുകൊണ്ട് കഴിഞ്ഞ രണ്ട് ആഴ്ചയില്‍ മാത്രം മെസ്സിക്ക് നഷ്ടമായത് പത്തു കോടിയോളം രൂപയാണ്. കഴിഞ്ഞ ജൂണ്‍ 30ന് ബാഴ്സലോണയുമായുള്ള മെസിയുടെ കരാര്‍ അവസാനിച്ചിരുന്നു. 2004 മുതല്‍ ബാഴ്സയുടെ താരമാണ് മെസി.