ഈ വര്‍ഷം മെസ്സിക്ക് നിരാശ; അമ്പരപ്പിക്കുന്ന കുതിപ്പുമായി ഇംഗ്ലീഷ് താരം; ഓരോ ഗോളിലും ഓരോ റെക്കോര്‍ഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്ന്‍ പുതിയ നേട്ടത്തില്‍. പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഹാട്രിക്ക് നേടിയതോടെ താരം പുതിയ റെക്കോര്‍ഡിട്ടു. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് സൗതാംപ്ടണെ തോല്‍പ്പിച്ച ടോട്ടന്‍ഹാമിനു വേണ്ടി ഹാട്രിക്കടിച്ചാണ് കെയ്ന്‍ പുതിയ റെക്കോര്‍ഡിട്ടത്.

ഒരു കലണ്ടര്‍ വര്‍ഷം പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ നേടിയത്. ഇന്ന് നേടിയ ഹാട്രിക്കടക്കം മൊത്തം 39 ഗോളുകളാണ് പ്രീമിയര്‍ ലീഗില്‍ ഈ കലണ്ടര്‍ വര്‍ഷം കെയ്ന്‍ സ്വന്തം പേരിലാക്കിയത്. ബ്ലാക്ക്ബണ്‍ റോവേഴ്‌സിന്റെ കുപ്പായത്തില്‍ ഇംഗ്ലീഷ് ഇതിഹാസം അലന്‍ ഷിയര്‍ നേടിയ റെക്കോര്‍ഡാണ് കെയ്ന്‍ പഴങ്കഥയാക്കിയത്. 36 ലീഗ് മത്സരങ്ങളിള്‍ നിന്നാണ് കെയ്ന്‍ 39 ഗോളുകള്‍ നേടിയതെങ്കില്‍ 42 മത്സരങ്ങളില്‍ നിന്നായിരുന്നു ഷിയറിന്റെ നേട്ടം.

അതേസമയം, ഈ വര്‍ഷം ക്ലബ്ബിനും രാജ്യത്തിനുമായുള്ള കെയ്‌നിന്റെ ഗോള്‍ നേട്ടം 56 ആയി ഉയര്‍ന്നു. അഞ്ച് പ്രമുഖ യൂറോപ്യന്‍ ലീഗുകളില്‍ ഈ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ റെക്കോര്‍ഡാണ് കെയ്ന്‍ മറികടന്നത്. 54 ഗോളുകളാണ് ഈ വര്‍ഷം മെസ്സിയുടെ നേട്ടം.

സൗതാംപ്ടണെതിരേ 22ാം മി്‌നുട്ടില്‍ നേടിയ ഹെഡര്‍ ഗോളോടെ ഷിയറിന്റെ റെക്കോര്‍ഡ് തകര്‍ത്ത കെയ്ന്‍ 39ാം മിനുട്ടില്‍ നേടിയ ഗോളോടെ മെസ്സിയെയും പിന്നിലാക്കി. 67ാം മിനുട്ടിലാണ് താരത്തിന്റെ ഹാട്രിക്ക് ഗോള്‍ പിറന്നത്. ഡെലി അലിയും സോണ്‍ ഹ്യുങ് മിനും ആണ് ടോട്ടന്‍ഹാമിന്റെ മറ്റു ഗോളിനുടമകള്‍. സോഫിയാനെ ബൗഫലും ഡുസന്‍ ടാഡിക്കുമാണ് സൗതാംപ്ടണിന്റെ ഗോള്‍ നേടിയത്. 20 മത്സരങ്ങളില്‍ നിന്ന 37 പോയിന്റുമായി പ്രീമിയല്‍ ലീഗ് പട്ടികയില്‍ നാലാമതാണ് ടോട്ടന്‍ഹാം.