ക്രിസ്റ്റ്യാനോയും മെസ്സിയും നെയ്മറും ഒരുമിച്ചു ഒരു ടീമില്‍ കളിച്ചാലോ? ഈ ക്ലബ്ബ് ഈ നീക്കമാണ് നടത്തുന്നത്

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനയുടെ ഇതിഹാസതാരം ലിയോണേല്‍ മെസ്സിയും നവഫുട്‌ബോളിലെ ഏറ്റവും മിടുക്കന്മാരാണെന്ന പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാകില്ല. ഇരുവരിലും ആരാണ് ഏറ്റവും മികച്ചവന്‍ എന്ന കാര്യത്തില്‍ ലോകം രണ്ടു തട്ടിലുമാണ്. എന്നാല്‍ മെസ്സി കൊടുക്കുന്ന പന്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോളടിച്ചാല്‍ എങ്ങിനെയിരിക്കും. അത്തരം ഒരു സാഹചര്യ ഫ്രഞ്ച് ലീഗ് വണ്ണിലും യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ ഉണ്ടാകുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ നോക്കുന്നത്.

ലിയോണേല്‍ മെസ്സിയെ ടീമില്‍ എത്തിച്ച ഫ്രഞ്ച് വമ്പന്മാര്‍ പിഎസ്ജി വരും സീസണിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കായി വലവീശുന്നതായിട്ടാണ് ഫുട്‌ബോള്‍ സൈറ്റുകളുടെ ഗോസിപ്പ്. ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി സ്വന്തം പരിശീലകനെ ബലി കഴിക്കാനാണ് ക്ലബ്ബ് ആലോചിക്കുന്നതെന്നും അടുത്ത സീസണില്‍ ടീം മാനേജര്‍ മൗറീഷ്യോ പൊച്ചട്ടീനോയെ പകരം നല്‍കി ക്രിസ്റ്റ്യാനോയെ നിരയില്‍ എത്തിക്കുകയാണ് ക്ലബ്ബ് ലക്ഷ്യമിടുന്നതെന്നുമാണ് വിവരം.

ഇത് സംഭവിച്ചാല്‍ ലോകത്തെ ഏറ്റവും കിടയറ്റ ഫുട്‌ബോളര്‍മാരായ മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും ഒരുമിച്ച് കളിക്കും. ഇതിനെല്ലാം പുറമേ ഇവരെ ഒരുമിച്ച് കളിപ്പിക്കാന്‍ സിദാനെയാണ് പരിശീലകനായി ടീം കാണുന്നത്.

തന്റെ ആദ്യടീമുകളില്‍ ഒന്നായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോയ്ക്ക് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് ടീമിനൊപ്പം കാര്യമായ നേട്ടത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പില്‍ നിന്ന് പുറത്തായിരുന്നു. പ്രീമിയര്‍ ലീഗിലാകാട്ടെ നാലാം സ്ഥാനത്തുമാണ്. ഈ സാഹചര്യത്തില്‍ താരം ഏറെക്കുറെ ടീം വിടുന്ന സാഹചര്യമുണ്ടായാല്‍ തങ്ങളുടെ നിരയില്‍ എത്തിക്കാനാണ് പി.എസ്.ജി യുടെ ആലോചനകള്‍.

അതേസമയം പിഎസ്ജിയുടെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയെ ടീമില്‍ എത്തിക്കാനുള്ള നീക്കം റിയല്‍ മാഡ്രിഡും നടത്തിക്കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റ്യാനോയും മെസ്സിയും നെയ്മറും ഒരുമിച്ചാല്‍ ലോകത്തെ ഏറ്റവും മികച്ച മുന്നേറ്റ നിരയായിരിക്കും പിഎസ്ജിയുടേത്.