മെസിയുടെ ഹോട്ടല്‍ വാടക ലക്ഷങ്ങള്‍; പഞ്ചനക്ഷത്ര സൗധത്തിന്റെ ചിത്രങ്ങള്‍ കാണാം

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് ഫ്രാന്‍സിലെ പിഎസ്ജിയിലേക്ക് കൂടുമാറിയ സൂപ്പര്‍ താരം ലയണല്‍ മെസി പുതിയ ജീവിതം ആസ്വദിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. പാരിസ് നഗരത്തില്‍ മെസിക്ക് സ്ഥിരം താമസത്തിനുള്ള വീട് തരപ്പെട്ടിട്ടില്ല. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് മെസിയുടെയും കുടുംബത്തിന്റെയും താമസം. ഹോട്ടലിന്റെ ദിവസ വാടക ആരെയും അമ്പരപ്പിക്കും.

പാരിസിലെ ആഡംബര ജീവിതത്തിന്റെ കേന്ദ്രമായ ലെ റോയല്‍ മോണ്‍സ്യൂ ഹോട്ടലിലാണ് മെസിയും ഭാര്യ അന്റോണലെയും മൂന്ന് കുട്ടികളും താമസിക്കുന്നത്. ഹോട്ടലിന്റെ പ്രതിദിന വാടക 20,000 യൂറോയാണ്. അതായത് 17.5 ലക്ഷം രൂപ. സിനിമ ഹാളും സ്വിമിംഗ് പൂളും ഒന്നിലധികം റസ്റ്റോറന്റുകളുമുള്ള ഹോട്ടലില്‍ മെസിക്കായി ഫ്രഞ്ച് ശൈലിയിലെ ഭക്ഷണവും ഒരിക്കിയിട്ടുണ്ട്. പാരിസിന്റെ ആകാശത്തെ ഹോട്ടലില്‍ ഇരുന്ന് മെസിക്ക് ആസ്വദിക്കാം. ബ്രസീലിയന്‍ ഫോര്‍വേഡ് നെയ്മറും പിഎസ്ജിയില്‍ ചേര്‍ന്ന ആദ്യ നാളുകളില്‍ ഇതേ ഹോട്ടലിലാണ് തങ്ങിയതെന്ന് പറയപ്പെടുന്നു.

360 കോടി രൂപ വാര്‍ഷിക പ്രതിഫലത്തിനാണ് മെസി പിഎസ്ജിയിലെത്തിയത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ ഒരു വര്‍ഷംകൂടി കരാര്‍ ദീര്‍ഘിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. പ്രതിഫലത്തിനുപുറമെ മെസിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിച്ചും ജഴ്‌സി വിറ്റും പിഎസ്ജി നേടുന്ന വരുമാനത്തില്‍ ഒരു വിഹിതം താരത്തിന് ബോണസായു ലഭിക്കും. മെസിയുടെ 30-ാം നമ്പര്‍ ജഴ്‌സിയുടെ മാതൃകകള്‍ പുറത്തിറക്കി അര മണിക്കൂറിനകം വിറ്റുതീര്‍ന്നിരുന്നു.