മെസിയുടെ അരങ്ങേറ്റം വൈകും; എംബാപെയുടെ ഭാവി പറഞ്ഞ് പി.എസ്.ജി

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അരങ്ങേറ്റം വൈകുമെന്ന് സൂചന. ഇന്ന് രാത്രി 12.30ന് ബ്രെസ്റ്റുമായുള്ള പിഎസ്ജിയുടെ മത്സരത്തിലും മെസി കളിക്കാനുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. മെസിക്കൊപ്പം ബ്രസീലിയന്‍ തുറുപ്പുചീട്ട് നെയ്മറും പുറത്തിരുന്നേക്കും. യുവ താരം കെയ്‌ലിയന്‍ എംബാപെ ക്ലബ് വിട്ടുപോകുമെന്ന വാര്‍ത്തകളും പിഎസ്ജി നിഷേധിച്ചിട്ടുണ്ട്.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് ഓഗസ്റ്റ് ആദ്യമാണ് മെസി പിഎസ്ജിയിലേക്ക് ചേക്കേറിയത്. കോപ്പ അമേരിക്ക ഫൈനലിനു ശേഷം മെസി ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇതാണ് മെസിയുടെ അരങ്ങേറ്റം വൈകാന്‍ കാരണമെന്ന് പറയപ്പെടുന്നു. ലീഗ് വണ്ണില്‍ സ്ട്രാസ്ബര്‍ഗിനെതിരായ പിഎസ്ജിയുടെ ആദ്യ ഹോം മത്സരത്തിലും മെസിയെ ഒഴിവാക്കിയിരുന്നു.

മെസിയുടെ അരങ്ങേറ്റ നാള്‍ സംബന്ധിച്ച് കോച്ച് മൗറീസിയ പൊച്ചേറ്റിനൊ വ്യക്തത വരുത്തിയിട്ടില്ല. പിഎസ്ജിയിലെ സാഹചര്യങ്ങളുമായി മെസി പൊരുത്തപ്പെട്ടതായും സഹതാരങ്ങളോട് ഇണങ്ങിയതായും പൊച്ചേറ്റിനൊ പറഞ്ഞു. എംബാപെ ഈ സീസണില്‍ തന്നെ റയല്‍ മാഡ്രിഡിലേക്ക് കൂടു മാറുമെന്ന വാര്‍ത്തകളെയും പൊച്ചേറ്റിനോ നിഷേധിച്ചു. എംബാപെ പിഎസ്ജിയുടെ കളിക്കാരനാണെന്നും ക്ലബ്ബില്‍ തുടരുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും പൊച്ചേറ്റിനൊ പറഞ്ഞു.