മെസിയുടെ വരവില്‍ എംബാപെ കട്ടക്കലിപ്പില്‍; താരത്തിന് റയലിന്റെ വാഗ്ദാനം വന്‍തുക

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവ് ആഘോഷിച്ച് തീര്‍ന്നിട്ടില്ല പിഎസ്ജിയിലെ ആരാധകര്‍. എന്നാല്‍ പിഎസ്ജിയുടെ യുവ താരം കെയ്‌ലിയന്‍ എംബാപെ കട്ടക്കലിപ്പിലാണ്. മെസിയുടെ പിഎസ്ജി പ്രവേശം തന്റെ പ്രാധാന്യം നഷ്ടപ്പെടുത്തുമെന്ന ചിന്ത എംബാപെയെ അസ്വസ്ഥനാക്കുന്നു. പിഎസ്ജിയില്‍ നിന്ന് സ്‌പെയ്‌നിലെ വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് എംബാപെയുടെ പദ്ധതിയെന്നറിയുന്നു.

പിഎസ്ജിയുമായി എംബാപെക്ക് ഒരു വര്‍ഷത്തെ കരാര്‍ മാത്രമാണ് അവശേഷിക്കുന്നത്. എംബാപെ കരാര്‍ പുതുക്കുമെന്നാണ് പിഎസ്ജി മാനേജ്‌മെന്റ് കരുതുന്നത്. എന്നാല്‍ മെസിയുടെ വരവ് എംബാപെയുടെ മനസില്‍ ചാഞ്ചാട്ടമുണ്ടാക്കിയെന്നാണ് സൂചന. ക്ലബ്ബ് വിടാനുള്ള തീരുമാനം എംബാപെ ഉടന്‍ പിഎസ്ജി ബോര്‍ഡിനെ അറിയിക്കുമെന്ന് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എംബാപെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചാല്‍ റയല്‍ മാഡ്രിഡ്  120 മില്യണ്‍ യൂറോ (1050 കോടിയിലേറെ രൂപ)യുടെ ഓഫര്‍ പിഎസ്ജിക്ക് മുന്നില്‍വയ്ക്കുമെന്നാണ് അറിയുന്നത്. കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ മറ്റൊരു വമ്പന്‍ താരകൈമാറ്റമായി അതുമാറുകയും ചെയ്യും.