മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും പോർച്ചുഗൽ നാഷണൽ ടീമിന്റെയും വിംഗറായിരുന്ന ലൂയിസ് നാനി 38-ആം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2007-ൽ യുണൈറ്റഡിൽ ചേർന്ന നാനി രണ്ട് പതിറ്റാണ്ടിലേറെ തന്റെ ഫുട്ബോൾ കരിയർ ആസ്വദിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തൻ്റെ അരങ്ങേറ്റ സീസണിൽ ചാമ്പ്യൻസ് ലീഗും തുടർന്ന് നാല് പ്രീമിയർ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും നേടിയത് നാനിയുടെ കരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ സന്ദേശത്തിൽ, പുതിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും പിന്തുടരാനുള്ള സമയമാണിതെന്ന് പ്രഖ്യാപിച്ച നാനി തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി അറിയിച്ചു. കഴിഞ്ഞ മാസം സ്‌പോർട്ടിംഗിനെതിരെ തൻ്റെ ജന്മനാട്ടിലെ ക്ലബ്ബായ എസ്‌ട്രെല അമഡോറയ്‌ക്കായി അവസാന മത്സരം കളിച്ചതിന് ശേഷം നാനി ഫുട്ബോൾ കളമൊഴിഞ്ഞു.
വലൻസിയ, ലാസിയോ, ഒർലാൻഡോ സിറ്റി, വെനീസിയ, മെൽബൺ വിക്ടറി, അദാന ഡെമിർസ്‌പോർ തുടങ്ങിയ ക്ലബ്ബുകളെയും നാനി തന്റെ പ്രസിദ്ധമായ ഫുട്ബാൾ കരിയറിൽ പ്രതിനിധാനം ചെയ്തു. പോർച്ചുഗലിനായി നാനി 112 മത്സരങ്ങൾ കളിക്കുകയും 24 ഗോളുകൾ നേടുകയും ചെയ്തു. 2016 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയ പോർച്ചുഗൽ ടീമിന്റെ ഭാഗമായിരുന്നു നാനി.