"ഞാൻ ആരാണെന്ന് നിങ്ങൾക്ക് കാണിച്ച് തരാം"; കിലിയൻ എംബാപ്പയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലവിൽ റയൽ മാഡ്രിഡിന് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഈ വർഷത്തിന്റെ തുടക്കം ടീം ഗംഭീരമാക്കിയെങ്കിലും രണ്ടാം പകുതി അവർക്ക് കഷ്ടകാലമാണ്. ഇന്ന് അത്‌ലറ്റിക് ക്ലബ്ബിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തോൽവി ഏറ്റു വാങ്ങിയത്. അലെജാന്‍ഡ്രോ ബെറെന്‍ഗറും ഗോര്‍ക്ക ഗുരുസെറ്റയും ആണ് അത്‌ലറ്റിക് ക്ലബിന് വേണ്ടി ഗോൾ നേടിയത്. റയൽ മാഡ്രിഡിന് വേണ്ടി യുവ താരം ജൂഡ് ബെല്ലിങ്‌ഹാം ആണ് ആശ്വാസ ഗോൾ നേടിയത്.

മത്സരത്തിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റു വാങ്ങുന്നത് ഫ്രഞ്ച് താരം കിലിയൻ എംബാപ്പയ്‌ക്കെതിരെയാണ്. മത്സരത്തിൽ സമനില ഗോൾ കണ്ടെത്താൻ അവസരം കിട്ടിയപ്പോൾ അദ്ദേഹം നിർണായകമായ പെനാൽറ്റി പാഴാക്കുകയായിരുന്നു. ഇതിയോടെ താരത്തിനെതിരെ ഒരുപാട് പേർ തിരിഞ്ഞിരിക്കുകയാണ്‌. റയലിൽ വന്നതിന് ശേഷം താരത്തിന് കാര്യങ്ങൾ ഒന്നും വിചാരിച്ച പോലെയല്ല നടക്കുന്നത്. മത്സരം തോറ്റതിന്റെ പൂർണ ഉത്തരവാദിത്വം താനാണെന്ന് പറഞ്ഞിരിക്കുകയാണ് കിലിയൻ എംബപ്പേ.

കിലിയൻ എംബപ്പേ പറയുന്നത് ഇങ്ങനെ:

“ഇന്നത്തെ മത്സരം വിചാരിച്ച പോലെ നടന്നില്ല. എന്റെ ഭാഗത്ത് നിന്ന്‌ വലിയ ഒരു തെറ്റാണ് സംഭവിച്ചത്. അത് ഞാൻ അംഗീകരിക്കുന്നു. തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ഈ സമയം വളരെ മോശമായതാണ്, പക്ഷെ എന്തിരുന്നാലും മാറാൻ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. ഞാൻ ആരാണെന്ന്‌ നിങ്ങൾക്ക് കാണിച്ച് തരും” കിലിയൻ എംബപ്പേ പറഞ്ഞു.