കിലിയന്‍ എംബാപ്പയെ റാഞ്ചാന്‍ ബാഴ്‌സിലോണയും ; ഫ്രഞ്ച് സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ ലോണും സ്‌പോണ്‍സര്‍ഷിപ്പും

റയല്‍ മാഡ്രിഡ് നോട്ടമിട്ടു വെച്ചിരിക്കുന്ന പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പയെ റാഞ്ചാന്‍ ബാഴ്‌സിലോണയും. റയല്‍ മാഡ്രിഡില്‍ എത്താനാണ് കൂടുതല്‍ സാധ്യതയെന്നിരിക്കെ താരത്തിന് മികച്ച ഓഫര്‍ നല്‍കി കൊണ്ടുവരാനാണ് ബാഴ്‌സിലോണയുടെ ശ്രമം. ഈ സീസണ്‍ പൂര്‍ത്തിയാകുന്നതോടെ പിഎസ്ജിയുമായി കരാര്‍ പൂര്‍ത്തിയാകുന്ന താരത്തിന് ഫ്രീ ട്രാന്‍സ്ഫറില്‍ തന്നെ മറ്റ് ഏത് ലീഗിലേക്ക് വേണമെങ്കിലും ചേക്കേറാം. ഇത് തന്നെയാണ് കടക്കെണിയില്‍ നില്‍ക്കുമ്പോഴും ബാഴ്‌സിലോണയെയും ആകര്‍ഷിക്കുന്ന ഘടകം.

റയല്‍ മാഡ്രിഡാണ് എംബാപ്പയുടെ സ്വപ്നമെങ്കിലും ബാഴ്സലോണയെ താരം പൂര്‍ണമായും തഴയാന്‍ തയ്യാറാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഗോള്‍ഡ്മാന്‍ സാച്ച്‌സില്‍ നിന്നുമുള്ള ലോണും സ്‌പോട്ടിഫൈ ആയിട്ടുള്ള പുതിയ സ്പോണ്‍സര്‍ഷിപ്പ് കരാറുകളും ബാഴ്്‌സയെ സാമ്പത്തീകമായി സഹായിക്കുന്ന ഘടകങ്ങളാണ്. അത് മുന്നില്‍ കണ്ടാണ് ബാഴ്‌സ ഇത്തരത്തിലുള്ള നീക്കവും നടത്തുന്നത്. ഇതിനെല്ലാം പുറമേ സാവിയ്ക്ക് കീഴില്‍ ബാഴ്‌സിലോണ പുതിയ കരുത്താര്‍ജ്ജിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ വീണ്ടും ക്ലബ്ബിലേക്ക് എത്താന്‍ കാരണമായി മാറിയിട്ടുണ്ട്.

Read more

എംബാപ്പേയക്ക് ഒപ്പം ഹാലാന്റിന് വേണ്ടിയും ബാഴ്‌സ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഹാലന്‍ഡിനു വേണ്ടി എഴുപത്തിയഞ്ച് മില്യണ്‍ ട്രാന്‍സ്ഫര്‍ ഫീസും ഏജന്റായ മിനോ റയോളയുടെ കമ്മീഷനും ബാഴ്സലോണ നല്‍കേണ്ടി വരും. ശമ്പളവും ഫ്രീ ഏജന്റായി സൈന്‍ ചെയ്യുന്നതിന്റെ ബോണസും മാത്രം നല്‍കി കിലിയന്‍ എംബാപ്പയെ ടീമിലെത്തിക്കാമെന്നാണ് ബാ്‌ഴ്്‌സയുടെ താല്‍പ്പര്യം. അതേസമയം റയല്‍മാഡ്രിഡില്‍ കളിക്കുന്നതിനെക്കുറിച്ചുള്ള സ്വപ്‌നം നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ള ഫ്രഞ്ച് താരം റയല്‍ മാഡ്രിഡിനെ വേണ്ടെന്നു വെക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.