എട്ടാം കിരീടം തേടിയിറങ്ങിയ കേരളത്തിന് എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ കിരീട നഷ്ടം. 109ാം മിനിറ്റില്‍ അഭിഷേക് പവാര്‍ നേടിയ ഗോളിന്റെ കരുത്തില്‍ സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച് സര്‍വീസസ് കിരീടം ചൂടി. കളംനിറഞ്ഞു കളിച്ചിട്ടും സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന് അവസാന നിമിഷം തോല്‍വി നേരിടേണ്ടി വന്നു. കലാശപ്പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം വീണുപോയത്. കഴിഞ്ഞ തവണ ഫൈനില്‍ ബംഗാളിനോടാണ് തോറ്റത്.
കേരളം എട്ടാം കിരീടം തേടി ഇറങ്ങിയത് പോലെ സര്‍വീസസിന്റെയും എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് ഇത്. കലാശപ്പോരില്‍ പട്ടാളക്കരുത്തരെ വീഴ്ത്താനുള്ള യുദ്ധതന്ത്രങ്ങളുമായി ഇറങ്ങിയ കേരളത്തിന് ഒടുവില്‍ എക്സ്ട്രാ ടൈമില്‍ പിഴയ്ക്കുകയായിരുന്നു.
ധാക്കുവാഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് ഫൈനല്‍ മത്സരം അരങ്ങേറിയത്. കേരളത്തിന്റെ പല ഗോള്‍ അവസരങ്ങളുടെ സര്‍വീസസിന്റെ പ്രതിരോധ കോട്ടയില്‍ തട്ടിത്തെറിച്ചു. മത്സരം ആദ്യ 15 മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ ഇരുടീമുകളും ആക്രമണം കടുപ്പിച്ചിരുന്നു. ക്വാര്‍ട്ടറിലും സെമിയിലും പുറത്തെടുത്ത ആക്രമണവീര്യം അതേപോലെ തുടര്‍ന്ന കേരളത്തിനു തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. പക്ഷേ ലഭിച്ച മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി. സര്‍വീസസ് മികച്ച മുന്നേറ്റങ്ങളിലൂടെ കേരളത്തേയും ഞെട്ടിച്ചു. ഇരു ടീമുകള്‍ക്കും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ ആയില്ല. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെയാണ് കേരളം ഇറങ്ങിയത്. 48ാം മിനിറ്റില്‍ സര്‍വീസസിന്റെ ആക്രമണം. ഇടതു വിങ്ങില്‍നിന്ന് അഭിഷേക് പവാറിന്റെ ക്രോസ്, എന്നാല്‍ സര്‍വീസസ് താരങ്ങള്‍ക്ക് പന്ത് തൊടാനായില്ല. ഗോള്‍ പുറത്തേയക്ക്. 54ാം മിനിറ്റില്‍ കേരളം, ഷിജിനു പകരം വിഘ്‌നേഷിനെ കളത്തിലിറക്കി. 80ാം മിനിറ്റില്‍ അജ്‌സാലിനു ലഭിച്ച അവസരം ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ സാധിച്ചില്ല. കേരളത്തിന്റെ മുന്നേറ്റങ്ങളെ നന്നായി പ്രതിരോധിച്ച സര്‍വീസസിന്റെ പ്രതിരോധ നിരയും മികവ് പുലര്‍ത്തി. സര്‍വീസസിന്റെ ഗോള്‍കീപ്പര്‍ ഗഗന്‍ദീപിന്റെ മികച്ച സേവുകളാണ് പലപ്പോഴും കേരളത്തിന് വിലങ്ങുതടിയായത്.
Read more
നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടനാകാതെ വന്നതോടെയാണ് കളി അധിക സമയത്തേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍, 109ാം മിനിറ്റില്‍ അഭിഷേക് പവാറിന്റെ ഗോളിലൂടെ സര്‍വീസസ് മുന്നിലെത്തുകയായിരുന്നു. ടൂര്‍ണമെന്റില്‍ അഭിഷേകിന്റെ രണ്ടാം ഗോളാണിത്. ആദ്യ ഗോള്‍ കേരളത്തിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിലായിരുന്നു.







