ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേയ്ക്കും, കേരളത്തില്‍ തുടരും

ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേയ്ക്കും. ബ്ലാസ്റ്റേഴ്‌സ് സിഇഒ വിരേന്‍ ഡിസില്‍വയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ യംഗ് ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രം വിശദീകരിച്ച് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഡിസില്‍വ ഇക്കാര്യം വ്യക്തമാക്കിയത്.

ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകില്ലെന്ന് ഡിസില്‍വ പറയുന്നു.

ബ്ലാസ്റ്റേഴ്‌സ് മലബാറിലേക്ക് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടേയാണ് ഡിസിവ ഇക്കാര്യം പറയുന്നത്. കൊച്ചിയ്ക്ക് പകരം ഹോം ഗ്രൗണ്ടായി ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോടിനെ പരിഗണിച്ചേക്കുമെന്ന സൂചനയും ഉണ്ട്. കൊച്ചിയില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് കൂടുതല്‍ പണംമുടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ കോഴിക്കോട് കൂടുതല്‍ അനുകൂലമാണ് കാര്യങ്ങള്‍.

കൊച്ചി കോര്‍പ്പറേഷനും ജി.സി.ഡി.എയുമായുള്ള പ്രശ്നങ്ങള്‍ ആണ് കടുത്ത നടപടി സ്വീകരിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനെ പ്രേരിപ്പിക്കുന്നത്.

അതെസമയം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പരിശീലന സംരംഭമായ യംഗ് യംഗ് ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രം വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുഎഎഫ്എ പ്രോ ഫുട്‌ബോള്‍ പരിശീലകനായ മരിയോ മരിനിക്കയെ യംഗ് ബ്ലാസ്‌റ്റേഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടറായി നിയമിച്ചു.