ബ്ലാസ്റ്റേഴ്സ്, ചെന്നൈയിന്‍ താരങ്ങള്‍ക്ക് താമസം ഒരേ ഹോട്ടലില്‍; സ്റ്റേഡിയത്തിലേക്കും ഒരേ ബസിലായിരിക്കുമെന്ന് ഇവാന്‍റെ തഗ്ഗ്

കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിന്‍ എഫ്സിയും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന മത്സരം തോന്നുന്നത്ര കടുത്തതല്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്. മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഒരേ ഹോട്ടലിലാണ് താമസിക്കുന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഞങ്ങള്‍ (കേരള ബ്ലാസ്റ്റേഴ്‌സും, ചെന്നൈയിന്‍ എഫ്.സിയും) ഒരേ ഹോട്ടലിലാണ് ഉള്ളത്. താരങ്ങളെല്ലാം ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഒരു പ്രധാന മത്സരത്തിന് മുന്‍പ് താരങ്ങളും, ടീമിലെ സ്റ്റാഫുകളും ഒന്നിച്ചു കഴിയുന്നത് തമാശയായാണ് തോന്നുന്നത്. ചിലപ്പോള്‍ ഒരു ബസ്സിലാവും സ്റ്റേഡിയത്തിലേക്കും പോവുന്നത്-  ഇവാന്‍ വുകോമാനോവിച്ച് സരസമായി പറഞ്ഞു.

എന്നാല്‍ ഇവാന്‍റെ വാക്കുകള്‍ തെറ്റായ രീതിയിലും വ്യാഖ്യാനിക്കപ്പെടുന്നതില്‍ സംഘാടകര്‍ക്ക് ആശങ്കയുണ്ട്. ഇത് ഐഎസ്എല്‍ സംഘാടകരുടെ വീഴ്ചയായാണ് ഒരു വിഭാഗം ചിത്രീകരിക്കുന്നത്. കാരണം, മത്സരത്തിന് മുന്‍പായി എതിര്‍ ടീമിലെ താരങ്ങള്‍ ഒന്നിച്ചു കാണുവാനോ, സമയം പങ്കിടാനോ പാടില്ലെന്നതാണ് നിയമം. ഇത് നിലനില്‍ക്കെയാണ് ഇരുടീമുകളും ഒരേ ഹോട്ടലില്‍ തങ്ങുന്നത്.

സീസണിലെ പതിനേഴാം മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ എഫ്സിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വച്ച് വൈകിട്ട് ഏഴരക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയില്‍ ഈസ്റ്റ് ബംഗാള്‍ എഫ്സിയോട് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാദ്ധ്യതകള്‍ ഉറപ്പിക്കാന്‍ മത്സര വിജയം അനിവാര്യമാണ്.

നിലവില്‍ പതിനാറു മത്സരങ്ങളില്‍ നിന്നായി ഇരുപത്തിയെട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളാ ബ്ലാസ്റ്റേഴ്സ്. മറുവശത്ത് പതിനാറു മത്സരങ്ങളില്‍ നിന്നായി പതിനെട്ടു പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്സി. മത്സര വിജയം ഇരുടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ സമ്മാനിക്കും.