റൊണാള്‍ഡോ പതിവ് കള്ളത്തരം തുടര്‍ന്നു, അത് പെനാല്‍റ്റി ആയിരുന്നില്ല; തുറന്നടിച്ച് റൂണി

ഘാനയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റിയില്‍ സംശയമുന്നയിച്ച് ഇംഗ്ലണ്ട് മുന്‍ താരം വെയ്ന്‍ റൂണി. അത് പെനാല്‍റ്റി ആയിരുന്നില്ലെന്നും എന്നാല്‍ പെനാല്‍റ്റി നേടിയെടുക്കാന്‍ റൊണാള്‍ഡോ തന്റെ അനുഭവ സമ്പത്തെല്ലാം വിനിയോഗിച്ചുവെന്ന് റൂണി പറഞ്ഞു.

നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെയും കോച്ച് എറിക് ടെന്‍ഹാഗിനെതിരെയും സഹതാരമായ വെയ്ന്‍ റൂണിക്കെതിരേയും ഗുരുതര ആരോപണങ്ങളുമായി റൊണാല്‍ഡോ രംഗത്തുവന്നിരുന്നു. വെയ്ന്‍ റൂണിയെ റാറ്റ് എന്നാണ് റൊണാള്‍ഡോ വിശേഷിപ്പിച്ചത്. ഇതിനുള്ള മറുപടി റൂണി പരോക്ഷമായി നല്‍കിയിരുന്നു. ഈ പോരിന്റെ തുടര്‍ച്ചയായാണ് റൂണിയുടെ പുതിയ കമന്റിനെ ആരാധകര്‍ കാണുന്നത്.

മത്സരത്തിന്റെ 65-ാം മിനുട്ടിലായിരുന്നു വിവാദ പെനാല്‍റ്റി ഗോള്‍ പിറക്കുന്നത്. റൊണാള്‍ഡോയെ ബോക്സിനുള്ളില്‍ ഘാന പ്രതിരോധ താരം മുഹമ്മദ് സാലിസു വീഴ്ത്തിയതിന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച റൊണാള്‍ഡോ ടീമിനെ മുന്നിലെത്തിച്ചത്.

റൊണാള്‍ഡോയുടെ ഗോളിന് കാരണമായ പെനാല്‍റ്റി അനുവദിച്ച അമേരിക്കന്‍ റഫറിയെ ഘാന കോച്ച് ഓട്ടോ അഡോ വിമര്‍ശിച്ചു. ‘ഗോള്‍ നേടിയതിന് , അഭിനന്ദനങ്ങള്‍. എന്നാല്‍ ഇത് ശരിക്കും ഒരു സമ്മാനമായിരുന്നു. ശരിക്കും ഒരു സമ്മാനം,” അഡോ പറഞ്ഞു. ”ഇനി എന്ത് പറയാന്‍? (അത്) റഫറിയില്‍ നിന്നുള്ള ഒരു പ്രത്യേക സമ്മാനമായിരുന്നു എന്നായിരുന്നു അഡോയുടെ പ്രതികരണം.