എൽ ക്ലാസിക്കോയിൽ മികച്ച പ്രകടനം ആയിരുന്നു എന്നത് ശരി തന്നെ, പക്ഷെ ഇനി നിന്നെ ആവശ്യമില്ല; സൂപ്പർതാരത്തെ പുറത്താക്കാൻ റയൽ മാഡ്രിഡ്; പകരമെത്തുന്നത് ആരാധകർ ആഗ്രഹിച്ച സൈനിങ്‌

വരാനിരിക്കുന്ന ശൈത്യകാല ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ഫുൾ ബാക്ക് ഫെർലാൻഡ് മെൻഡിയെ വിൽക്കാൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് തീരുമാനിച്ചതായി റിപ്പോർട്ട്. കാർലോ ആൻസലോട്ടിയുടെ കീഴിൽ മെൻഡി പല മത്സരങ്ങളിലും ടീമിൽ ഉണ്ടായിരുന്നു എങ്കിലും മുൻ ലിയോൺ ഡിഫൻഡറുമായിട്ടുള്ള കരാർ ഒഴിവാക്കാൻ റയൽ ആഗ്രഹിക്കുന്നു.

ജനുവരിയിൽ തന്നെ ഫെർലാൻഡ് മെൻഡിയെ ഒഴിവാക്കാൻ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് തീരുമാനിച്ചു. സ്പാനിഷ് ക്യാപിറ്റൽ ക്ലബ് ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്ക് അൽഫോൻസോ ഡേവിസിനെ ടീമിലെത്തിക്കാനും മെൻഡിയെ പുറത്താക്കാനും ക്ലബ് ആഗ്രഹിക്കുന്നു.

സൂപ്പർതാരം ജൂഡ് ബെല്ലിംഗ്ഹാമിന്റെ സൂപ്പർഹിറ്റ് സൈനിങ്‌ വലിയ മാറ്റങ്ങൾ റയലിൽ കൊണ്ടുവന്ന സാഹചര്യത്തിൽ ഫ്ലോറന്റിനോ പെരസ് രണ്ട് അഭിലാഷ ലക്ഷ്യങ്ങളിലേക്കാണ് ശ്രദ്ധ ചെലുത്തുന്നതെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. അടുത്ത വേനൽക്കാലത്ത് കൈലിയൻ എംബാപ്പെ എത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ, അൽഫോൻസോ ഡേവിസും ടീമിൽ ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.

2025-ലെ വേനൽക്കാലത്ത് അലിയൻസ് അരീനയിൽ ഡേവിസിന്റെ കരാർ അവസാനിക്കുന്നു. അദ്ദേഹം ടീമിൽ തുടരാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് ബയേൺ ക്യാമ്പും വിശ്വസിക്കുന്നത്.

ഫെർലാൻഡ് മെൻഡി 2019-ൽ ആണ് 53 മില്യൺ യൂറോ വിലമതിക്കുന്ന ഒരു ഇടപാടിൽ ലിയോണിൽ നിന്ന് റയലിൽ എത്തുന്നത്. മികച്ച പ്രകടനങ്ങൾ താരം നടത്തിയിട്ട് ഉണ്ടെങ്കിലും പലപ്പോഴും പരിക്ക് താരത്തെ ചതിച്ചിട്ടുണ്ട്. സാന്റിയാഗോ ബെർണാബ്യൂവിൽ പരിക്കേറ്റ് 59 ഔദ്യോഗിക മത്സരങ്ങൾ മെൻഡിക്ക് നഷ്ടമായി. അതിനാൽ ലോസ് ബ്ലാങ്കോസ് താരത്തെ വിൽക്കുന്നതിൽ ആരും കുറ്റം പറയില്ല.