ഐ.എസ്.എല്ലില്‍ ഈ സീസണില്‍ ഈസ്റ്റ് ബംഗാളിന് ആദ്യ ജയം ; വീഴ്ത്തിയത് വമ്പന്മാരായ ഗോവയെ

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ജയമില്ലാതെ 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇൗസ്റ്റ് ബംഗാളിനെ ഒടുവില്‍ വിജയം കനിഞ്ഞു. ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യ മത്സരത്തില്‍ കടുത്ത വിജയദാഹം ഈസ്റ്റബംഗാള്‍ പുറത്തെടുത്തപ്പോള്‍ 2-1 ന് അട്ടിമറിയ്ക്ക് ഇരയായത് മുന്‍ ചാംപ്യന്മാരും കരുത്തരുമായ എഫ്‌സി ഗോവയായിരുന്നു.

ഗോവന്‍ മിഡ്ഫീല്‍ഡും ഈസ്റ്റബംഗാള്‍ പ്രതിരോധ നിരയും തമ്മിലുള്ള മത്സരത്തില്‍ ടീമിനായി രണ്ടു ഗോളുകളും നേടിയത് നവ്രം മഹേഷ് സിംഗായിരുന്നു. ഗോവന്‍ പ്രതിരോധം മുതലെടുത്ത് ഒമ്പതാമത്തെയും 42 ാമത്തെയും മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 37 ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ നോഗ്യൂറ ഗോവയ്ക്കായി ഒരു ഗോള്‍ മടക്കി. രണ്ടുഗോളിന് പിന്നിലായതോടെ ഗോവ ശക്തമായ സമ്മര്‍ദ്ദം ഈസ്റ്റബംഗാള്‍ ഗോള്‍മുഖത്ത് സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

വിജയിച്ചെങ്കിലും ഈ മത്സരത്തിലെ ഫലം രണ്ടു ടീമിനും ലീഗ് പട്ടികയില്‍ ഗുണം ചെയ്യില്ല. പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. ഗോവ ഒമ്പതാം സ്ഥാനത്തും. ഈ ജയത്തോടെ ഈസ്റ്റ് ബംഗാളിന് 12 പോയിന്റായി ഗോവയ്ക്ക് 13 പോയിന്റാണ് ഉള്ളത്. പുതിയ പരിശീലകന് കീഴിലായിരുന്നു ഈസ്റ്റ് ബംഗാള്‍ കളിക്കാനിറങ്ങിയത്.