ഇന്ത്യയെ തോൽപ്പിക്കാൻ ശരിക്കും ബുദ്ധിമുട്ടി, അവരുടെ പ്രതിരോധനിര ശരിക്കും ഞങ്ങളെ വിഷമിപ്പിച്ചു; ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞ വാക്കുകൾ ഇന്ത്യക്ക് ജയത്തിന് തുല്യം

ദോഹയിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന 2023 എഎഫ്‌സി ഏഷ്യൻ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യയെ 2-0ന് തോൽപ്പിച്ച് ഓസ്‌ട്രേലിയൻ ടീം വിജയകുതിപ്പ് തുടങ്ങിയിരുന്നു. 50-ാം മിനിറ്റിൽ ജാക്‌സൺ ഇർവിനും 73-ാം മിനിറ്റിൽ ജോർദാൻ ബോസുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച ഓസ്‌ട്രേലിയയുടെ ഹെഡ് കോച്ച് ഗ്രഹാം അർനോൾഡ്, അവരുടെ വിജയം വിലയിരുത്തുന്നതിനിടയിലും, കളിയിൽ ഇന്ത്യ പ്രകടിപ്പിച്ച മനഃസാന്നിധ്യത്തെ അഭിനന്ദിച്ചു. വളരെ മികച്ച രീതിയിൽ ഇന്ത്യ മത്സരത്തിൽ പ്രതിരോധിച്ചുവെന്നു പറഞ്ഞ അദ്ദേഹം ഇന്ത്യ പ്രശംസ അർഹിക്കുന്നു എന്നും പ്രതിരോധം മറികടന്ന് മുന്നേറുക പ്രയാസമായി തോന്നി എന്നും പറഞ്ഞു.

ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്: “മുഴുവൻ ക്രെഡിറ്റ് നൽകേണ്ടത് ഇന്ത്യക്കാണ്. കളിയിലുടനീളം അവർ ഞങ്ങളെ ബുദ്ധിമുട്ടിച്ചു. ഞങ്ങൾക്ക് ഗോളടിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അവർ അവയിൽ മിക്കതും തടഞ്ഞു. അവർ വളരെ നന്നായി പരിശീലനം ലഭിച്ച ടീമാണ് .”

മത്സരത്തിൽ തോറ്റെങ്കിലും ഓസ്ട്രേലിയ പോലെ ശക്തരായ ടീമിനെതിരെ ആദ്യ പകുതിയിൽ ഗോളുകൾ ഒന്നും വഴങ്ങാതെ കുറിച്ച ഇന്ത്യൻ പ്രതിരോധം പ്രശംസ അർഹിക്കുന്നുണ്ട്. ലോകകപ്പ് കളിച്ച ശക്തരായ ടീമിനെതിരെ ആദ്യ പകുതിയിൽ കാണിച്ച ആവേശം അടുത്ത മത്സരങ്ങളിൽ ഉസ്ബെക്കിസ്ഥാനായും സിറിയയുമായിട്ടും കാണിക്കാനായാൽ ഇന്ത്യ അടുത്ത റൗണ്ടിലെത്തും.