ബെര്‍ബറ്റോവിനെതിരേ ആഞ്ഞടിച്ച് ഐഎം വിജയന്‍; 'ഓടിക്കളിക്കേണ്ട ഫുട്‌ബോള്‍ നടന്നു കളിച്ചു'

കേരള ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ഏറ്റവും പ്രതീക്ഷയോടെ ടീമിലെത്തിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ താരത്തിനെതിരേ ആഞ്ഞടിച്ച് ഐഎം വിജയന്‍. ഓടിക്കളിക്കേണ്ട ഫു്ടബോളില്‍ അദ്ദേഹം നടന്നു കളിക്കുകയായിരുന്നുവെന്നാണ് വിജയന്‍ ബെര്‍ബറ്റോവിന്റെ കഴിഞ്ഞ ദിവസത്തെ പ്രകടനത്തെ വിമര്‍ശിച്ചത്. കേരള ബ്ലാ്‌സ്റ്റേഴ്‌സിനെ അപേക്ഷിച്ച് ബെര്‍ബറ്റോവ് വലിയ താരമായിരിക്കാം. എന്നാല്‍, ടീമില്‍ അദ്ദേഹം വലിയ നിരാശയായി. പരിചയ സമ്പത്തും മികവും പരിഗണിച്ചാല്‍ ടീമിന് ഏറ്റവും വലിയ കരുത്തും പ്രചോദനവുമാവേണ്ടത് ബെര്‍ബയാണെങ്കിലും സംഭവിക്കുന്നത് നേരെ തിരിച്ചാണ്. മുന്‍ ഇന്ത്യന്‍ താരം വിജയന്‍ ഒരു മാധ്യമത്തില്‍ എഴുതി.

പൂനെയുമായുള്ള മത്സരത്തില്‍ ആദ്യ പതിനൊന്നില്‍ ഇറങ്ങിയ ബെര്‍ബ ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് നടത്തിയത്. രണ്ടാം പകുതിയില്‍ ബെര്‍ബറ്റോവിനെ പിന്‍വലിച്ച് ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസിറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കളിമാറ്റിയത്. അതുവരെ ഉഴറി നടന്നിരുന്ന പെക്കൂസണ്‍, കിസിറ്റോ വന്നതോടെ ഊര്‍ജസ്വലനായി. അതോടെ എതിര്‍ നിരയില്‍ നിരന്തരം പന്തെത്തിക്കൊണ്ടിരുന്നു. ഇതാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമനില ഗോളില്‍ കലാശിച്ചത്.

ബെര്‍ബറ്റോവിനെ പിന്‍വലിച്ച് പുതിയ താരത്തെ ഇറക്കിയതാണ് കളിയില്‍ നിര്‍ണായകമായതെന്നാണ് വിലയിരുത്തലുകള്‍.

ഇതുവരെയുള്ള മത്സരങ്ങളിലൊന്നും ബെര്‍ബറ്റോവിന്റെ സാന്നിധ്യം കേരള ബ്ലാസ്‌റ്റേഴ്‌സിന് ഊര്‍ജം പകര്‍ന്നിട്ടില്ല. 36 കാരനായ താരത്തെ പ്രായം തളര്‍ത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.