ഈ മനുഷ്യനോട് ഒരു നന്ദിവാക്ക് പറഞ്ഞില്ലെങ്കില്‍ അത് ഏറ്റവും വലിയ നന്ദികേടായിരിക്കും

ഈ മനുഷ്യനോട് ഒരു നന്ദിവാക്ക് പറഞ്ഞില്ലെങ്കില്‍ അത് ഏറ്റവും വലിയ നന്ദികേടായിപ്പോകും. കിതച്ചുനില്‍ക്കുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ആകാശംമുട്ടെ ഉയര്‍ത്തിയ ബുദ്ധിരാക്ഷസന്‍. സ്വപ്നങ്ങള്‍ കാണാന്‍ ഇടയ്‌ക്കെപ്പോഴോ മറന്നുപോയ മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ മോഹങ്ങള്‍ സമ്മാനിച്ച പരിശീലകന്‍. നമ്മുടെ സ്വന്തം ആശാന്‍-ഇവാന്‍ വുകോമാനോവിച്ച്!

ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനം ഇവാന്‍ ഏറ്റെടുക്കുമ്പോള്‍ ടീം പരിതാപകരമായ അവസ്ഥയിലായിരുന്നു. കഴിഞ്ഞ സീസണില്‍ പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത,2016ന് ശേഷം ഫൈനല്‍ കണ്ടിട്ടില്ലാത്ത ഒരു സംഘത്തിന്റെ ചുമതലയാണ് ഇവാനില്‍ വന്നുചേര്‍ന്നത്. അതൊരു മുള്‍ക്കിരീടമായിരുന്നു.

സൗദി അറേബ്യയിലും യൂറോപ്പിലുമെല്ലാം ഫുട്‌ബോള്‍ കോച്ചിന്റെ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഇവാന് ലഭിച്ചിരുന്നു. അവിടെ കൂടുതല്‍ പണവും കിട്ടുമായിരുന്നു. അതെല്ലാം വേണ്ടെന്നുവെച്ചിട്ടാണ് ഇവാന്‍ ബ്ലാസ്റ്റേഴ്‌സില്‍ ചേക്കേറിയത്! ഇവാന്‍ പറഞ്ഞത് ഇങ്ങനെയാണ്- ”ഞാന്‍ പണത്തിന്റെ പുറകെ പോകുന്ന ഒരു പരിശീലകനല്ല. എനിക്ക് നല്ല മനുഷ്യരോടാണ് താത്പര്യം. കേരള ബ്ലാസ്റ്റേഴ്‌സിലെ അന്തരീക്ഷം എനിക്കിഷ്ടമായി. കൂടാതെ മലയാളി ആരാധകരുടെ സ്‌നേഹവും. അതാണ് എന്നെ ആകര്‍ഷിച്ചത്…”

മലയാളികളെ ഇവാന്‍ അത്രയേറെ സ്‌നേഹിക്കുന്നുണ്ട്. നമ്മള്‍ തിരിച്ചും. ഐ.എസ്.എല്ലിന്റെ ഫൈനല്‍ കാണാന്‍ ഇവാന്‍ നമ്മളെ ഗോവയിലേയ്ക്ക് ക്ഷണിച്ചിരുന്നു. ഗോഡ്ഫാദര്‍ എന്ന സിനിമയിലെ അഞ്ഞൂറാന്റെ ശൈലിയില്‍ ”കേറിവാടാ മക്കളേ” എന്നാണ് ഇവാന്‍ പറഞ്ഞത്. ഇവാന്‍ ശരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ അഞ്ഞൂറാന്‍ തന്നെയായിരുന്നു. പിടിച്ചുകൊണ്ട് ചെല്ലാന്‍ പറഞ്ഞാല്‍ കൊന്നുകൊണ്ട് ചെല്ലുന്ന തരം കളിക്കാരെ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി വാര്‍ത്തെടുത്ത അഞ്ഞൂറാന്‍!

ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒരുപാട് ഗോളുകള്‍ അടിച്ചിരുന്നു. ഇവാനുകീഴില്‍ തന്റെ സ്‌കോറിങ്ങ് റേറ്റ് കൂടുതല്‍ മെച്ചപ്പെട്ടു എന്നാണ് മലയാളി താരം സഹല്‍ അഭിപ്രായപ്പെട്ടത്. ടീമിന്റെ ഡിഫന്‍സും മദ്ധ്യനിരയും ഇവാന്‍ തുടച്ചുമിനുക്കിയെടുത്തു. അതുകൊണ്ടുതന്നെയാണ് ടീം ഫൈനല്‍ കളിച്ചത്. കപ്പിനും ചുണ്ടിനും ഇടയില്‍ വെച്ച് കിരീടം നഷ്ടമായപ്പോള്‍ ഇവാന്‍ കഷ്ടപ്പെട്ട് ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഹൃദയഭേദകമായിരുന്നു ആ രംഗം!

രാമായണത്തില്‍ ഒരു കഥയുണ്ട്. ഭഗീരഥന്‍ എന്ന രാജാവിന്റെ വീരഗാഥ. തന്റെ പൂര്‍വ്വികര്‍ക്ക് പുണ്യം ലഭിക്കാന്‍ ഗംഗാദേവിയെ ഭൂമിയില്‍ എത്തിക്കുക എന്നതായിരുന്നു ഭഗീരഥന്റെ ലക്ഷ്യം. പക്ഷേ ഗംഗയെ താങ്ങാനുള്ള കരുത്ത് പരമശിവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭഗീരഥന്‍ തപസ്സ് ചെയ്ത് ശിവനെ പ്രീതിപ്പെടുത്തി. ഗംഗയെ തന്റെ ശിരസ്സില്‍ വഹിച്ചുകൊള്ളാം എന്ന് ശിവന്‍ വാക്കും നല്‍കി. എന്നാല്‍ ഗംഗാദേവി കൈലാസനാഥനോട് അഹങ്കാരപൂര്‍വ്വം പെരുമാറിയതിനാല്‍ ഭഗീരഥന്റെ മോഹം പൂവണിഞ്ഞില്ല.

ഭഗീരഥന്‍ വീണ്ടും ശിവനെ തപസ്സ് ചെയ്ത് സന്തുഷ്ടനാക്കി. ഇത്തവണ ഗംഗ ഭൂമിയിലെത്തി. ഭഗീരഥന്റെ മുന്‍ഗാമികള്‍ക്ക് മോക്ഷവും ലഭിച്ചു. ഇവിടെനിന്നാണ് ‘ഭഗീരഥ പ്രയത്‌നം’ എന്ന വാക്കിന്റെ ഉത്ഭവം. ഭഗീരഥന്റെ പൂര്‍വ്വികരെപ്പോലെ കേരള ജനതയും കാത്തിരിക്കുകയാണ്. ഒരു ശാപമോക്ഷത്തിന്. കീരീടത്തിന്റെ മധുരത്തിന്…

പ്രിയ ഇവാന്‍, ഒരുതവണ തോറ്റുപോയിട്ടും വീണ്ടും പ്രയത്‌നിച്ച് വിജയിച്ച ഭഗീരഥനാകാന്‍ താങ്കള്‍ക്ക് കഴിയും. കഴിയണം! എന്നിട്ടേ സെര്‍ബിയയിലേയ്ക്ക് മടങ്ങിപ്പോകാവൂ. അതുവരെ താങ്കളെ ഞങ്ങള്‍ സ്‌നേഹത്തിന്റെ ചങ്ങലയില്‍ ബന്ധിച്ചുകൊള്ളാം…!