ബ്രസീലുകാരനാണ് എനിക്ക് മെസി കിരീടം നേടണം എന്നാണ് ആഗ്രഹം, അവന് മാത്രമേ അതിന് അർഹതയുള്ളൂ; മെസിയെ അനുകൂലിച്ച് ബ്രസീലിയൻ ഇതിഹാസം

ഖത്തർ ലോകകപ്പിലെ വിജയികളെ അറിയാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആ കിരീടം മെസിയുടെ അര്ജന്റീന ഉയർത്തുമോ അതോ എംബാപ്പയുടെ ഫ്രാൻസ് ഉയർത്തുമോ എന്നതാണ് ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്ന ചോദ്യം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മെസിയുടെ അവസാന ലോകകപ്പ് ആയതിനാൽ തന്നെ മെസി കിരീടം ഉയർത്തണമെന്ന് അയാളുടെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല.

അര്ജന്റീനയുടെ മുഖ്യ എതിരാളികളായ ബ്രസീലിൽ നിന്നുള്ള ഇതിഹാസം റിവാള്‍ഡോയ്ക്കും മെസി കിരീടം ഉയർത്തണം എന്നതാണ് ആഗ്രഹം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് റിവാൾ‍ഡോയുടെ പ്രതികരണം. ബ്രസീലോ നെയ്മര്‍ ജൂനിയറോ ലോകകപ്പില്‍ ഇനിയില്ല. അതുകൊണ്ട് അര്‍ജന്‍റീനയ്ക്കൊപ്പമാണ് താനെന്ന് റിവാൾഡോ കുറിച്ചു.

ലിയോണൽ മെസിയെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ലോക കിരീടം മെസി അര്‍ഹിക്കുന്നുണ്ട്. ദൈവം എല്ലാം അറിയുന്നു. ഞായറാഴ്ച മെസിയുടെ കിരീടധാരണം ഉണ്ടാകുമെന്നും റിവാൾഡോ പറഞ്ഞു. ബ്രസീൽ അവസാനമായി ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ ആ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു റിവാൾഡോ.

എന്തായാലും തങ്ങളുടെ ശത്രു കിരീടം ജയിക്കട്ടെ എന്നുള്ള ആ അഭിപ്രായം ബ്രസീലിയൻ ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടില്ല.