'പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ ആരെങ്കിലുമുണ്ടോ എന്നു ഞാന്‍ ചോദിച്ചു, അപ്പോള്‍ അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു'

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി പെനാല്‍റ്റി എടുക്കാനുള്ള കളിക്കാരുടെ ഓര്‍ഡറിലെ വിചിത്രമായ തീരുമാനങ്ങളെക്കുറിച്ച് പ്രതികരിച്ച് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ച്. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കുമെന്നും ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞങ്ങള്‍ പെനാലിറ്റി ഷൂട്ടിനായും പരിശീലിക്കുന്നുണ്ടായിരുന്നു. ലെസ്‌കോവിച്ചായിരുന്നു അതില്‍ മുന്‍പില്‍ നിന്നിരുന്നത്. അദ്ദേഹത്തിന് ഉയര്‍ന്ന പാസ്സിങ്ങ് നിലവാരമുണ്ടായിരുന്നു. ചില സാഹചര്യങ്ങളില്‍ ഇങ്ങനെ സംഭവിക്കും. ഷൂട്ട് ചെയ്യേണ്ട താരങ്ങള്‍ ചിലപ്പോള്‍ ലഭ്യമായിരിക്കില്ല.’

‘ആ അവസരത്തില്‍ ഒരു പരിശീലകനെന്ന നിലയില്‍ പെനാലിറ്റി ഷൂട്ട് ഏറ്റെടുക്കാന്‍ താല്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്ന് ഞാന്‍ ചോദിക്കണമായിരുന്നു. ഞാന്‍ ചോദിച്ചു, അവിടെ ധാരാളം ശബ്ദങ്ങള്‍ ഉയര്‍ന്നു കേട്ടു. കൈകള്‍ ഉയര്‍ന്നു കണ്ടു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.’

‘ഏറ്റവുമൊടുവില്‍ പെനാലിറ്റി എപ്പോഴും പെനാലിറ്റി ആണ്. ഞങ്ങളിതില്‍ നിരാശരാണ്. പക്ഷെ ഞങ്ങള്‍ മുന്‍പോട്ടു പോകണം. ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ ഞാന്‍ സന്തോഷിക്കുന്നു’ മത്സരശേഷം വുകോമാനോവിച്ച് പറഞ്ഞു.

പെനാലിറ്റി ഷൂട്ട്ഔട്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ തളച്ചാണ് ഹൈദരാബാദ് എഫ്സി കിരീടം സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ലെസ്‌കോവിച്ച്, നിഷു കുമാര്‍, ജീക്ക്സണ്‍ സിങ് എന്നിവരുടെ മൂന്നു പെനാലിറ്റി കിക്കുകളും തടഞ്ഞ ഹൈദരാബാദ് എഫ്സി ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയാണ് ടീമിന്റെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്.

കേരളാ ബ്ലാസ്റ്റേഴ്സ് ടീമില്‍ പെനാലിറ്റി കിക്കില്‍ ആയുഷ് അധികാരി മാത്രമാണ് ലക്ഷ്യം കണ്ടത്. അനുവദിച്ച സമയത്തിനുള്ളില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം വഴങ്ങിയതിനാലാണ് മത്സരം പെനാലിറ്റി ഷൂട്ട്ഔട്ടിലേക്ക് നീങ്ങിയത്.