ഒരു നാള്‍ നൃത്തച്ചുവടുകളുമായി അയാള്‍ മൈതാനം ഭരിക്കുമെന്നത് ഉറപ്പ്, അടുത്ത ലോകകപ്പ് ബ്രസീലിനുള്ളതാണ്

റിയാസ് പുളിക്കല്‍

2022ലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ലയണല്‍ മെസ്സി ലോകകിരീടം ചൂടിയത് തന്നെയാണ്. മെസ്സി ലോകകപ്പ് നേടിയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന രണ്ട് ബ്രസീലുകാരില്‍ ഒരാള്‍ നെയ്മര്‍ ആയിരിക്കും, മറ്റൊന്ന് റൊണാള്‍ഡീഞ്ഞോയും.

ലോകകപ്പ് നേട്ടത്തിന് ശേഷം പിഎസ്ജിയിലേക്ക് മടങ്ങിയെത്തിയ മെസ്സിയെ സ്വീകരിക്കാന്‍ നില്‍ക്കുന്ന സഹതാരങ്ങളുടെ ഓരോ ഫ്രെയിമിലും നെയ്മറുടെ ആത്മാര്‍ഥമായ പുഞ്ചിരി നിറഞ്ഞുനില്‍ക്കുന്നത് കാണാം. ഇനിയൊരു ബ്രസീലുകാരന്‍ ലോകകപ്പ് നേടിക്കാണണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് നെയ്മര്‍ തന്നെയാണ്.

പെലെയുടെ കാലുകളില്‍ അമാനുഷികമായി കണ്ട ‘ജിങ്ക’ പലപ്പോഴായി നെയ്മറില്‍ കാണാന്‍ സാധിച്ചിട്ടുണ്ട്. ഡ്രിബ്ലിംഗില്‍ അയാളെ കവച്ചുവെക്കാന്‍ കഴിയുന്ന മറ്റൊരു പ്രതിഭ ഇന്ന് ലോകഫുട്‌ബോളില്‍ തന്നെ വിരളമായിരിക്കും.

നെയ്മറുടെ കാലുകളിലെ ജിങ്ക വിതയ്ക്കുന്ന അപകടം എതിരാളികള്‍ നിര്‍വീര്യമാക്കുന്നത് അയാളെ വീഴ്ത്തിക്കൊണ്ട് തന്നെയാണ്. അത് മറികടക്കാന്‍ നെയ്മര്‍ക്ക് സാധിക്കുന്ന ഒരു നാള്‍ നൃത്തച്ചുവടുകളുമായി അയാള്‍ മൈതാനം ഭരിക്കുമെന്നത് ഉറപ്പാണ്. അടുത്ത ലോകകപ്പ് ബ്രസീലിനുള്ളതാവട്ടെ, അത് നെയ്മറിലൂടെയുമാവട്ടെ..

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്