അന്ന് ബ്രസീലില്‍, ഇന്ന് ലിസ്ബണില്‍; ഫുട്‌ബോള്‍ ലോകം ഞെട്ടിയ തോല്‍വികളുടെ 'തല'

ഫുട്‌ബോള്‍ ലോകം ഞെട്ടിയ മത്സരങ്ങളുടെ ഗണത്തില്‍ പേര്‍ ചേര്‍ക്കപ്പെട്ട മത്സരങ്ങളാണ് ജര്‍മ്മനിക്ക് എതിരായുള്ള ബ്രസീലിന്റെ 7-1 തോല്‍വിയും ബാഴ്‌സയുടെ ഇന്നത്തെ ബയേണിനെതിരായ 8-2 തോല്‍വിയും. എന്താണ് സംഭവിക്കുന്നതെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നുകൂടി കാതും കണ്ണും കൂര്‍പ്പിച്ച നിമിഷങ്ങള്‍. ഈ തോല്‍വികളില്‍ രണ്ടിടത്തും ഫുട്‌ബോള്‍ ലോകം തിരിച്ചറിഞ്ഞ സാന്നിദ്ധ്യം കോച്ച് ഹാന്‍സി ഫ്‌ളിക്കിന്റേതാണ്. എതിരാളികളെ നിഷ്‌കരുണം നേരിട്ട പോരാട്ടത്തിന്റെ “തല”.

2014 ലോക കപ്പില്‍ ജര്‍മ്മനി ഒന്നിനെതിരേ ഏഴു ഗോളിന് ബ്രസീലിനെ നാണംകെടുത്തിയ മത്സരത്തില്‍ ജോക്കിം ലോയ്ക്ക് കീഴില്‍ ജര്‍മ്മന്‍ ടീമിന്റെ സഹപരിശീലകനായിരുന്നു ഹാന്‍സി ഫ്‌ളിക്ക്. ഇന്ന് രണ്ടിനെതിരേ എട്ടു ഗോളിന് ബാഴ്‌സയെ മറികടന്ന് ബയേണ്‍ സെമിയിലേക്ക് മുന്നേറിയപ്പോഴും പരിശീലക സ്ഥാനത്ത് ഹാന്‍സി ഫ്‌ളിക്ക്. മഹത്തായ രണ്ട് വിജയങ്ങളുടെ അമരക്കാരന്‍.

Bundesliga | Hansi Flick to continue as Bayern Munich interim ...

2006 മുതല്‍ 2014 വരെ ജര്‍മ്മന്‍ ദേശീയ ടീമിന്റെ സഹപരിശീലകനായിരുന്നു ഫ്‌ളിക്. പിന്നീട് 2019 നവംബറിലാണ് ഫ്‌ളിക് ബയേണിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. ഫ്‌ളിക്ക് സ്ഥാനം ഏറ്റെടുത്ത ശേഷം കളിച്ച 34 മത്സരങ്ങളില്‍ 31-ലും ജയം നേടാന്‍ ബയേണിനായി. രണ്ട് മത്സരങ്ങള്‍ മാത്രം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയില്‍ കലാശിച്ചു.

Hansi Flick with German Double record

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടന്ന പോരാട്ടത്തില്‍ ബാഴ്‌സയെ 8-2നാണ് ബയേണ്‍ തകര്‍ത്തെറിഞ്ഞത്. തോമസ് മുള്ളറും മുന്‍ ബാഴ്‌സ താരം ഫിലിപ്പെ കുട്ടീഞ്ഞോയും രണ്ടു ഗോള്‍ വീതം നേടി. ഇവാന്‍ പെരിസിച്ച്, സെര്‍ജി നാബ്രി, അല്‍ഫോണ്‍സോ ഡേവിസ്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.