ബ്‌ളാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലവും ഫുട്‌ബോള്‍ ആവേശം ഉയര്‍ത്തുന്നു ; റീയല്‍ കശ്മീരിനെ ഗോള്‍മഴയില്‍ മുക്കി...!!

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സ് സൃഷ്ടിച്ച ആവേശത്തിന് പിന്നാലെ ഐലീഗില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരളാഎഫ്‌സിയും കേരള ആരാധകര്‍ക്ക് ആവേശം വിതറുന്നു. കോവിഡിന്റെ ഇടവേളയ്ക്ക് പിന്നാലെ കളത്തിലെത്തിയ ഗോകുലം കേരളാ എഫ്‌സി റിയല്‍ കശ്മീരിനെതിരേ 5-1 ന് മുക്കി.

ലൂക്കാ മാജ്‌സണ്‍, ജോര്‍ദിയന്‍ ഫ്‌ളെച്ചര്‍ എന്നിവരുടെ ഇരട്ടഗോള്‍ മികവിനൊപ്പം ജിതിനുമാണ് ഗോകുലത്തിനായി സ്‌കോര്‍ ചെയ്തത്. റിയ, കശ്മീരിന്റെ ഗോള്‍ ടിയാഗോ അദാന്‍ പെനാല്‍റ്റിയില്‍ നിന്നും നേടി. ആദ്യ പകുതിയില്‍ തന്നെ കേരളാടീം അഞ്ചുഗോളുകള്‍ നേടിയിരുന്നു. രണ്ടാം പകുതിയുടെ തുടകത്തിലായിരുന്നു റീയല്‍ കശ്മീരിന്റെ ഗോള്‍.

നാലാം മിനിററില്‍ പെനാല്‍റ്റിയില്‍ നിന്നും ലൂക്ക ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ അടുത്ത മിനിറ്റില്‍ ജോര്‍ദിയന്‍ ഫ്‌ളെച്ചറും ഗോള്‍ കുറിച്ചു. ഗോകുലത്തിന്റെ തുടര്‍ച്ചയായുള്ള മുന്നേറ്റത്തില്‍ റീയല്‍ കാശ്മീര്‍ വലഞ്ഞു പോകുകയായിരുന്നു. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ  പ്രകാശ് സര്‍ക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് റീയല്‍ കശ്മീര്‍ ടീമിന്റെ കളിയെ ബാധിച്ചു.

ആദ്യ മത്സരത്തില്‍ നെറോക്ക എഫ്‌സിയുമായി ഗോള്‍രഹിത സമനിലയുമായി പോയ ഗോകുലത്തിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു ഈ മത്സരം. ഈ വിജയത്തോടെ മൂന്ന് കളിയില്‍ നിന്നും രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റ് നേടിയ ഗോകുലം പോയിന്റ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച മൂന്ന് കളിയും ജയിച്ച് ഒമ്പത് പോയിന്റുമായി മുഹമ്മദന്‍സ്‌പോര്‍ട്ടിംഗ് ആണ് ഒന്നാമത്.