ഫ്രാന്‍സ് ടീമില്‍ അപ്രതീക്ഷിത പ്രതിസന്ധി; ആശ്വസിച്ച് അര്‍ജന്റീന

ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ തയ്യാറെടുക്കുന്ന ഫ്രാന്‍സിന് തിരിച്ചടിയായി സൂപ്പര്‍ താരങ്ങളുടെ ഫിറ്റ്നസ് പ്രശ്നം. ടീമിനെ ആശങ്കയിലാഴ്ത്തി പനി പടര്‍ന്നു പിടിക്കുകയാണ്. വിങ്ങര്‍ കിങ്സ്ലി കോമാനും അസുഖം ബാധിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

നേരത്തെ പ്രതിരോധനിര താരം ഡെയോട്ട് ഉപമെകാനോ, മിഡ്ഫീല്‍ഡര്‍ റാബിയോട്ട് എന്നിവര്‍ അസുഖ ബാധിതരായിരുന്നു. അതിനാല്‍ത്തന്നെ മൊറോക്കക്കെതിരായ സെമി പോരാട്ടത്തില്‍ ഇവര്‍ കളിച്ചിരുന്നില്ല.

താരങ്ങള്‍ അസുഖം മാറി ശാരീരികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ അര്‍ജന്റീനയ്ക്കെതിരായ ഫൈനലില്‍ മൂന്ന് പേര്‍ക്കും കളിക്കാന്‍ സാധിക്കില്ല. 60 വര്‍ഷത്തിനിടയില്‍ ആദ്യമായി ലോക കിരീടം നിലനിര്‍ത്തുന്ന ടീം എന്ന നേട്ടം കൂടി സ്വന്തമാക്കാനാണ് ഫ്രാന്‍സ് ഫൈനല്‍ പോരിന് ഇറങ്ങുന്നത്.

ഫൈനല്‍ പോരാട്ടത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഫ്രാന്‍സ് ടീമിന്റെ പരിശീലനം ഇന്ന് പുനരാരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. ഫൈനലില്‍ ശക്തരായ അര്‍ജന്റീനയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.