ലോകകപ്പിലെ തോല്‍വി; ടിറ്റെയ്ക്ക് നേരെ ആക്രമണം; മര്‍ദ്ദിച്ച ശേഷം മാലയും കവര്‍ന്നു

ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന ടിറ്റെയ്ക്ക് നേരെ ആക്രമണം. വീടിന് സമീപത്ത് വെച്ച് ടിറ്റേയെ മര്‍ദ്ദിക്കുകയും മാല കവരുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

പ്രഭാതസവാരിക്കായി ഇറങ്ങിയപ്പോഴാണ് ടിറ്റെയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ പുറത്തായത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു അക്രമിയുടെ മര്‍ദ്ദനം.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ തോല്‍വി. ലോകകപ്പില്‍നിന്ന് ബ്രസീല്‍ പുറത്തായതിനെ പിന്നാലെ ടിറ്റെ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു.

2016 ബ്രസീല്‍ പരിശീലകനായി ചുമതലയേറ്റ ടിറ്റെയുടെ പ്രധാനനേട്ടം ബ്രസീലിന് കോപ്പ അമേരിക്ക കിരീടം സമ്മാനിച്ചതാണ്. 2019ലായിരുന്നു ഇത്. 2020ലെ കോപ്പയില്‍ ചിരവൈരികളായ അര്‍ജന്റീനയോടും ടിറ്റെയുടെ ബ്രസീല്‍ ഫൈനലില്‍ തോറ്റിരുന്നു. ടിറ്റെയ്ക്ക് കീഴില്‍ 81 മല്‍സരങ്ങളില്‍ 61ലും ജയിച്ച് ബ്രസീല്‍ ഏഴുമല്‍സരങ്ങളില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്.

 തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ഫൈനലില്‍ ബ്രസീല്‍ പുറത്താകുന്നത്. 2018 റഷ്യന്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോടും ബ്രസീല്‍ തോറ്റിരുന്നു.