ഇംഗ്ലീഷ് ക്ലബുകളുടെ ആറാട്ട്

ഇത്തിഹാദ് സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ അത്ലറ്റികോ മാഡ്രിഡ് ടീമിന് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നോള്ളൂ; എങ്ങനെ എങ്കിലും ഒരു സമനില കൊണ്ട് രക്ഷപ്പെടണം. ഒരു പരിധി വരെ ആ തന്ത്രം വിജയിച്ചെങ്കിലും 70 ആം മിനിറ്റിൽ വഴങ്ങിയ ഒരു ഗോളിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒരു ഗോളിന് പരാജയപ്പെടാൻ ആയിരുന്നു മാഡ്രിഡിന്റെ വിധി. മറുവശത്ത് അത്ലറ്റികോയുടെ പ്രതിരോധ ഫുട്ബോളിനെ സമർത്ഥമായി നേരിട്ട മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടറിൽ അർഹിച്ച വിജയം തന്നെ ലഭിച്ചു.

ഇത്തിഹാദ് സ്റ്റേഡിയത്തിൽ കിട്ടുന്ന സമനിലക്ക് പോലും വിജയത്തിന്റെ വില ഉണ്ടെന്ന് അറിയാവുന്ന സിമയോണി ബസ് പാർക്കിങ് തന്ത്രം തന്നെയാണ് പ്രയോഗിച്ചത്. ആദ്യ പകുതിയിൽ 73% പൊസഷനുമായി കളം നിറഞ്ഞ സിറ്റിക്ക് അതൊന്നും ഗോളാക്കാൻ പറ്റിയില്ല. രണ്ടാം പകുതിയിൽ അത്ലറ്റിക്കോ മാഡ്രിഡ് പരുക്കൻ അടവുകളുമായി മാഞ്ചസ്റ്റർ സിറ്റി താരങ്ങളെ വലച്ചു. ഒരു ഓൺ ടാർഗറ്റ് ഷോട്ട് പോലും എടുക്കാൻ അത്ലറ്റികോ ടീമിനും ആയിട്ടില്ല.

അത്രയും നേരവും പ്രതിരോധിച്ച അത്ലറ്റികോക്ക് ഒടുവിൽ പിഴച്ചപ്പോൾ കെവിൻ ഡിബ്രുയിന അത്ലറ്റികോ മാഡ്രിഡ് പ്രതിരോധം തകർത്തു. പകരക്കാരനായി എത്തി സെക്കൻഡുകൾക്കുള്ളിൽ ഫിൽ ഫോഡൻ
നൽകിയ മനോഹരമായ പാസിൽ നിന്നായിരുന്നു ഡിബ്രൂയിന്റെ ഗോൾ. രണ്ടാം പാദ പോരാട്ടം ഏപ്രിൽ 14ന് മാഡ്രിഡിൽ അരങ്ങേറും.

മറ്റൊരു മത്സരത്തിൽ കിരീട സാധ്യതയിൽ മുന്നിലുള്ള ലിവർപൂൾ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബെൻഫിക്കയെ പരാജയപ്പെടുത്തി. ലിസ്ബണിൽ നടന്ന മത്സരത്തിൽ ലിവർപൂളിനായി തന്റെ ആദ്യ ഗോൾ നേടിയ ഇബ്രാഹിം കൊനാട്ടെ, സാദിയോ മാനെ, ലൂയിസ് ഡിയാസ് എന്നിവർ ഗോളുകൾ നേടി. ലിവർപൂളിന്റെ വേഗതയേറിയ ഫുട്ബോളിനോട് പിടിച്ച് നിൽക്കുവാൻ കളിയുടെ ഒരു ഘട്ടത്തിലും ബെൻഫിക്കക്ക് സാധിച്ചില്ല.ടീമിന്റെ ആശ്വാസ ഗോൾ നുനെസ് നേടി.

Read more

അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സിറ്റിയും ലിവർപൂളും അടുത്ത റൗണ്ടിൽ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്.