പ്രീതത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ ബ്‌ളാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരത്തെ പൊക്കാന്‍ ഈസ്റ്റ്ബംഗാള്‍

ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാളെ പൊക്കാന്‍ പണച്ചാക്കുമായി ഈസ്റ്റ് ബംഗാള്‍. കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്റെ പ്രതിരോധക്കാരിലെ പ്രമുഖനെ അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈസ്റ്റബംഗാള്‍ പ്രതിരോധം കെട്ടിപ്പൂട്ടാന്‍ ബ്്‌ളാസ്‌റ്റേഴ്‌സ് താരത്തിന് പിന്നാലെ സഞ്ചരിക്കുന്നത്. ഹര്‍മ്മന്‍ജ്യോത് ഖബ്രയ്ക്കായിട്ടാണ് ഈസ്റ്റ് ബംഗാളിന്റെ നീക്കങ്ങള്‍.

താരത്തിന്റെ ട്രാന്‍സ്ഫര്‍ ഏജന്റുമായി ഈസ്റ്റ് ബംഗാള്‍ ചര്‍ച്ചകള്‍ തുടങ്ങിയതായിട്ടാണ് വിവരം. കഴിഞ രണ്ട് സീസണിലും മോശം പ്രകടനം കാഴ്ചവെച്ച ടീമിനെ പുതിയ സീസണില്‍ എങ്കിലും മികച്ച ടീമാക്കണമെന്നാണ് ഈസ്റ്റ്ബംഗാള്‍ ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് മുമ്പ് ഈസ്റ്റ്ബംഗാളിന് വേണ്ടിയും കളിച്ചിട്ടുള്ള ഖബ്രയ്ക്ക് വേണ്ടിയുള്ള നീക്കം നടത്തുന്നത്. മുപ്പത്തിമൂന്നുകാരനായ ഖബ്രക്കും തന്റെ മുന്‍ ക്ലബ്ബിലേക്ക് തിരിച്ചു പോകാന്‍ താല്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ്‌സ്റ്റ് ബംഗാളിനായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഖബ്ര 2009-10 സീസണില്‍ ഈസ്റ്റ് ബെംഗാളിലെത്തിയ ഖബ്ര 2016 വരെ അവര്‍ക്ക് വേണ്ടി കളിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഈസ്റ്റ്ബംഗാള്‍ രണ്ട് ഫെഡറേഷന്‍ കപ്പുകള്‍, ഒന്ന് വീതം ഇന്ത്യന്‍ സൂപ്പര്‍ കപ്പ്, ഐ എഫ് എ ഷീല്‍ഡ്, 7 കല്‍ക്കട്ട ലീഗ് കിരീടങ്ങള്‍ എന്നിവ നേടിയിട്ടുണ്ട്്. ഈ സീസണില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിനായും മികച്ച പ്രകടനം നടത്തി. രണ്ടു വര്‍ഷത്തേക്കാണ് കേരളാ ബ്‌ളാസ്‌റ്റേഴ്‌സ് താരവുമായി കരാറിലെത്തിയിട്ടുള്ളത്.

മധ്യനിര താരമായിരുന്ന ഖബ്ര ബ്ലാസ്റ്റേഴ്‌സില്‍ റൈറ്റ് ബാക്ക് പൊസിഷനിലായിരുന്നു കളിച്ചത്. ചെന്നൈയ്ക്കും ബംഗലുരുവിനുമൊപ്പം ഓരോ തവണ ഐ എസ് എല്ലില്‍ കിരീടം നേടിയിട്ടുള്ള ഖബ്ര 121 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്. 12 അസിസ്റ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനായി 21 മത്സരങ്ങള്‍ കളിച്ച താരം ഒരു ഗോള്‍ നേടിയതിനൊപ്പം ഒരു ഗോളിന് വഴിയുമൊരുക്കി.