ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായി അറിയുമോ?; പിന്തുണയുമായി സി.കെ വിനീത്

ലക്ഷദ്വീപിലെ ജനങ്ങളുടെ സാധാരണ ജീവിതത്തെ തകര്‍ക്കുന്ന നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീതും. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദ്വീപ് നിവാസികള്‍ നേരിടേണ്ടി വരുന്ന അനീതികള്‍ക്കെതിരെ വിനീത് പ്രതികരിച്ചത്.

‘ലക്ഷദ്വീപില്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആര്‍ക്കെങ്കിലും കൃത്യമായി അറിയുമോ? ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജനതയെ ദുരിതത്തിലാക്കുകയാണ്.’

‘പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡ പട്ടേല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. കോവിഡ് വ്യാപനം തടയാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയത് ലക്ഷദ്വീപിലും വൈറസ് പടരാന്‍ കാരണമായി. സ്‌കൂള്‍ കാന്റീനുകളില്‍ മാംസഭക്ഷണം നല്‍കുന്നതും പ്രഫുല്‍ പട്ടേല്‍ വിലക്കി.’

വളരെക്കുറച്ച് വാഹനങ്ങള്‍ മാത്രമുള്ള ദ്വീപില്‍ റോഡുകള്‍ വലുതാക്കാനുള്ള ശ്രമങ്ങളേയും വിനീത് വിമര്‍ശിച്ചു. ഒഴിഞ്ഞ ജയിലുകള്‍ ഉള്ളതും കുറ്റകൃത്യങ്ങള്‍ കുറവുമായ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് പ്രാവര്‍ത്തികമാക്കിയത് എന്തിനാണെന്നും വിനീത് കുറിപ്പില്‍ ചോദിക്കുന്നു.