തോല്‍വി പിഎസ്ജിയില്‍ എല്ലാം സംഘര്‍ഷമാക്കി ; ഡ്രസ്സിംഗ് റൂമില്‍ നെയ്മറും ഡൊണ്ണൊരുമയും തമ്മില്‍ ഉടക്കി

റയല്‍ മാഡ്രിഡിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ക്ലബ്ബ് പ്രസിഡന്റ് റഫറിയെ തല്ലാന്‍ പോയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യതായും വാര്‍ത്തകള്‍ പുറത്തു വരുന്നതിന് പിന്നാലെ പിഎസ്ജി ഡ്രസ്സിംഗ്‌റൂമില്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകള്‍.

കളി കഴിഞ്ഞതിന് തൊട്ടുപിന്നാലെ പിഎസ്ജി ഡ്രസിങ് റൂമില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറും പിഎസ്ജി ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ്മയും തമ്മില്‍ ഉടക്കിയെന്നും അടിപൊട്ടുന്നതിന് തൊട്ടുമുമ്പ് സഹതാരങ്ങള്‍ ഇരുവരേയും പിടിച്ചുമാറ്റിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മത്സരത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന പിഎസ്ജിയെ രണ്ടാം പകുതിയില്‍ 17 മിനിറ്റിനിടയില്‍ കരീം ബെന്‍സേമ നേടിയ ഹാട്രിക്കിലൂടെയാണ് റയല്‍ തോല്‍പ്പിച്ചത്.

ഇതില്‍ ആദ്യഗോള്‍ ഒരു മൈനസ് പാസ് വേണ്ട വിധത്തില്‍ ഡൊണ്ണൊരുമ സ്വീകരിക്കാതിരുന്നതോടെയാണ് വലയില്‍ കയറിയത്. ബെന്‍സേമയുടെ സമ്മര്‍ദ്ദത്തില്‍ ഡൊണ്ണൊരുമ വീണുപോകുകയായിരുന്നു. ആ പന്തു നല്‍കിയത് വിനീഷ്യസ് ജൂനിയറിനായിരുന്നു. പിഎസ്ജി ഡിഫെന്‍ഡേഴ്സ് ബോക്സില്‍ തീരെയില്ലായിരുന്ന സമയത്ത് പന്തു ലഭിച്ച വിനീഷ്യസ് അത് ബെന്‍സിമക്ക് നല്‍കുകയും ഫ്രഞ്ച് താരം പിഴവൊന്നും കൂടാതെ അത് ഗോളാക്കി മാറ്റുകയും ചെയ്തു.

പിഎസ്ജിയെ ഇല്ലാതാക്കിയ ആ പിഴവിന്റെ പേരിലാണ് രണ്ടു താരങ്ങളും തമ്മില്‍ മത്സരത്തിനു ശേഷം വാക്കേറ്റമുണ്ടായത്. ആ ഗോള്‍ നല്‍കിയ ആവേശത്തില്‍ കാണികളും ആര്‍ത്തിരമ്പിയപ്പോള്‍ പതറിയ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡ് രണ്ടു ഗോളുകള്‍ കൂടി നേടി.

ഡോണറുമ്മയോട് നെയ്മര്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ റയല്‍ മാഡ്രിഡിന്റെ രണ്ടാമത്തെ ഗോള്‍ വന്നത് നെയ്മറുടെ പിഴവില്‍ നിന്നുമാണെന്ന് ഇറ്റാലിയന്‍ താരം ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ഇതേതുടര്‍ന്ന് രണ്ടു താരങ്ങളും തമ്മില്‍ കടുത്ത രീതിയില്‍ വാക്കുതര്‍ക്കത്തിന് കാരണമായി മാറുകയായിരുന്നു.