"ക്രിസ്റ്റ്യാനോ എന്റെ സുഹൃത്താണ് പക്ഷെ ഞാൻ തിരഞ്ഞെടുക്കുന്ന മികച്ച താരം അത് ലയണൽ മെസിയാണ്"; വെയ്ന്‍ റൂണിയുടെ വാക്കുകൾ ഇങ്ങനെ

ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയും, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസിയെ സംബന്ധിച്ച് അദ്ദേഹം ഫുട്ബോളിൽ ഇനി നേടാനായി ഒരു നേട്ടങ്ങൾ പോലും ബാക്കിയില്ല. എന്നാൽ റൊണാൾഡോയുടെ ജീവിതാഭിലാഷമായ ഫിഫ ലോകകപ്പ് നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അടുത്ത 2026 ലോകകപ്പ് കളിക്കാൻ ഇരുവരും ഉണ്ടാകും എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് വെയ്ൻ റൂണി. ആറ് വർഷത്തോളം ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്നാൽ റൊണാൾഡോയേക്കാളും താൻ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കുന്നത് അർജന്റീനൻ ഇതിഹാസം ലയണൽ മെസിയെ ആണ് എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

വെയ്ൻ റൂണി പറയുന്നത് ഇങ്ങനെ:

” മെസിയാണ് എക്കാലത്തേയും മികച്ചവന്‍. മെസിയെ മികച്ചവനെന്ന് പറയുമ്പോള്‍ പലരും റൊണാള്‍ഡോയെക്കുറിച്ച് ചോദിക്കും. ആരാധകര്‍ക്ക് അവരുടെ ഇഷ്ടം അനുസരിച്ച് മെസിക്കും റൊണാള്‍ഡോയ്ക്കുമൊപ്പം നില്‍ക്കാം. രണ്ട് പേരും ഇതിഹാസങ്ങളാണ്. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരങ്ങളാണ് ഇവര്‍. എന്നാല്‍ എന്നെ സംബന്ധിച്ച് മെസിയാണ് ഒരുപടി മുകളില്‍ നില്‍ക്കുന്നത്. റൊണാള്‍ഡോയെക്കാള്‍ കഴിവ് മെസിക്കുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടാണ് റൊണാള്‍ഡോയെക്കാള്‍ മികച്ചവനായി മെസിയെ തിരഞ്ഞെടുക്കുന്നത്” “വെയ്ന്‍ റൂണി പറഞ്ഞു.

Read more