ക്രിസ്റ്റ്യാനോയ്ക്ക് ഏഴാം നമ്പര്‍ കിട്ടില്ല; ആദ്യകാല നമ്പര്‍ സ്വീകരിച്ചേക്കും

ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് വിട്ട് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ രണ്ടാം ഊഴം തെരഞ്ഞെടുത്ത പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിഖ്യാതമായ ഏഴാം നമ്പര്‍ ജഴ്‌സി ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗ് നിയമ പ്രകാരം ക്രിസ്റ്റ്യാനോയ്ക്ക് മറ്റേതെങ്കിലും നമ്പര്‍ സ്വീകരിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഉറുഗ്വെയ്ന്‍ ഫോര്‍വേഡ് എഡിന്‍സണ്‍ കാവാനിയാണ് ഏഴാം നമ്പറിന്റെ ഇപ്പോഴത്തെ അവകാശി. പ്രീമിയര്‍ ലീഗ് നിയമപ്രകാരം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ക്ലബ്ബുകള്‍ ഫസ്റ്റ് ടീം സ്‌ക്വാഡിലെ കളിക്കാരുടെ ജഴ്‌സി നമ്പര്‍ നിശ്ചയിച്ചിരിക്കണം. സീസണ്‍ മുഴുവന്‍ ക്ലബ്ബില്‍ തുടരുന്ന ഒരു താരത്തിന്റെ ജഴ്‌സി നമ്പറില്‍ മാറ്റംവരുത്താന്‍ സാധിക്കില്ല. 2021-22 സീസണില്‍ കാവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇതിനം കളത്തിലിറങ്ങിയിരുന്നു. അതിനാല്‍ത്തന്നെ കാവാനി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറിയാല്‍ മാത്രമേ ക്രിസ്റ്റ്യാനോയ്ക്ക് ഏഴാം നമ്പര്‍ ലഭിക്കുകയുള്ളൂ.

ക്രിസ്റ്റ്യാനോയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കുന്ന ഇഷ്ട നമ്പറാണ് ഏഴ്. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലും ഇറ്റാലിയന്‍ ടീം യുവന്റസിലും ഏഴാം നമ്പര്‍ ജഴ്‌സി ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലെ അരങ്ങേറ്റകാലത്ത് ധരിച്ച 28-ാം നമ്പര്‍ ജഴ്‌സി സിആര്‍7 സ്വീകരിക്കാന്‍ സാധ്യതയുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആദ്യമായി എത്തിയപ്പോള്‍ 28-ാം നമ്പര്‍ ജഴ്‌സിയാണ് ക്രിസ്റ്റ്യാനോ ചോദിച്ചത്. എന്നാല്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ ഏഴാം നമ്പര്‍ ജഴ്‌സി താരത്തിന് സമ്മാനിക്കുകയായിരുന്നു.

Read more

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോയ്ക്ക് ഏഴാം നമ്പര്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്ന ആരാധകരും കുറവല്ല. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗ് വെബ്‌സൈറ്റില്‍ ഏഴാം നമ്പറിലാണ് റോണോയെ ലിസ്റ്റ് ചെയ്തത്. എന്നാല്‍ വെബ്‌സൈറ്റില്‍ കാവാനിക്കും ഏഴാം നമ്പറാണ് നല്‍കിയത്. ഇത് ക്രിസ്റ്റ്യാനോയുടെ നമ്പര്‍ സംബന്ധിച്ച ആശയക്കുഴപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.