ഐ.എസ്.എല്ലില്‍ അഞ്ചു ടീമുകള്‍ക്ക് കോവിഡ് ആശങ്ക ; ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നു, പണി കിട്ടുക ഈ ടീമുകള്‍ക്ക്

ലോകത്തെ അനേകം ഫുട്‌ബോള്‍ ലീഗുകളിലെന്ന പോലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും കോവിഡ് ഭീഷണി. അഞ്ചുടീമുകള്‍ ആശങ്കയിലായതോടെ ലീഗ് മാറ്റിവെയ്ക്കുമോ എന്നും ആശങ്ക. കഴിഞ്ഞ ആഴ്ച ഒഡീഷ എഫ്സിക്ക് എതിരേ നടക്കേണ്ട മോഹന്‍ ബഗാന്റെ മത്സരം റദ്ദാക്കേണ്ടിവന്നിരുന്നു. എടികെ മോഹന്‍ ബഗാനു പിന്നാലെ ബംഗളൂരു എഫ്സി, എഫ്സി ഗോവ, ഒഡീഷ എഫ്സി, ഈസ്റ്റ് ബംഗാള്‍ ടീമുകളാണ് നിലവില്‍ ഐസൊലേഷനില്‍ ആയിരിക്കുന്നത്.

ഒഡീഷ എഫ്സി ക്യാമ്പില്‍ നാല് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനുശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരം. ഇന്നലെ രണ്ട് സ്റ്റാഫുകള്‍ക്ക് കൂടി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എടികെ മോഹന്‍ ബഗാനിലാണ് ആദ്യമായി കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. എടികെയുടെ അഞ്ച് താരങ്ങള്‍ കൂടി കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ബംഗളൂരു എഫ്സി, ഈസ്റ്റ് ബംഗാള്‍ ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളിലെ സ്റ്റാഫിന് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രണ്ട് ടീമും ഐസൊലേഷനിലായി.

എന്നാല്‍ കളിക്കാര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗം പിടിപെട്ടിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ വാസ്‌കോയിലെ തിലക് മൈതാനം ആസ്ഥാനമാക്കിയാണ് ഗോവയില്‍ തുടരുന്നത്. കഴിഞ്ഞ 12 ദിവസമായി എഫ്സി ഗോവ ഐസൊലേഷനിലാണ്. ട്രെയ്നിംഗിനു മാത്രം പുറത്തു പോകാനേ ഗോവന്‍ സംഘത്തിന് അനുമതിയുള്ളൂ. അതും ടീം ക്യാമ്പിനെ തൊട്ടടുത്തുള്ള സെസ എഫ്എ ഗ്രൗണ്ടിലാണ്. ടീം ബസില്‍ ഒരു സമയം എട്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുതെന്നും എഫ്സി ഗോവയ്ക്ക് നിര്‍ദേശമുണ്ട്.