അര്‍ജന്റീനയും ജര്‍മ്മനിയുമല്ല ഇത് ബ്രസീലാണ്; വിറപ്പിച്ച് വട്ടമിട്ട് കാനറികള്‍

കരുത്തരായ അര്‍ജന്റീനക്കും ജര്‍മ്മനിക്കും സംഭവിച്ചത് ബ്രസീലിനുണ്ടായില്ല. ആദ്യ മത്സരത്തില്‍ മുട്ടുവിറയക്കാതെ കാനറിപട ജയിച്ചു കയറി. ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. റിച്ചാര്‍ലിസന്‍ ഇരട്ടഗോളുമായി തിളങ്ങി.

കടുത്ത പ്രതിരോധവുമായാണ് സെര്‍ബിയ കാനറികള്‍ക്കെതിരെ ഇറങ്ങിയത്. 61 മിനിറ്റുകള്‍ ആ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ ബ്രസീലിയന്‍ പടയ്്ക്ക് ആയില്ല. എന്നാല്‍ വിനീഷ്യല്‍ ജൂനിയര്‍ ഒരുക്കിക്കൊടുത്ത രണ്ട് അവസരങ്ങള്‍ റിച്ചാര്‍ലിസന്‍ കൃത്യമായി വിനിയോഗിച്ചപ്പോള്‍ സെര്‍ബിയന്‍ പ്രതിരോധം തലകുനിച്ചു. 62,73 മിനിറ്റുകളിലായിരുന്നു റിചാര്‍ലിസന്റെ ഗോളുകള്‍.

73ാം മിനിറ്റിലെ ബൈസിക്കിള്‍ കിക്ക് ഖത്തര്‍ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്നിലേക്കാണ് ഫുട്‌ബോള്‍ ലോകത്തെ കൊണ്ടെത്തിച്ചത്. വിനീസ്യൂസിന്റെ പാസില്‍ ബോക്‌സിന് അകത്തുനിന്ന് പന്ത് തൊട്ടുയര്‍ത്തിയ റിചാര്‍ലിസന്‍ മനോഹരമായൊരു ബൈസിക്കിള്‍ കിക്കിലൂടെ വലയിലെത്തിക്കുകയായിരുന്നു.

Image

വിജയത്തോടെ പോര്‍ച്ചുഗലും തുടക്കം ഗംഭീരമാക്കി. ഘാനയ്‌ക്കെതിരെ രണ്ടിനെതിരെ മൂന്നും ഗോളുകള്‍ക്കാണ് റൊണാള്‍ഡോയും കൂട്ടരും ജയിച്ചു കയറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (63, പെനല്‍റ്റി), ജോവാ ഫെലിക്‌സ് (78), റാഫേല്‍ ലിയോ (80) എന്നിവരാണു പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്. ഘാനയ്ക്കു വേണ്ടി ആന്ദ്രെ അയു (73), ഒസ്മാന്‍ ബുക്കാരി (89) എന്നിവര്‍ വല കുലുക്കി.