ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച നല്ല വാർത്തയെത്തി, താരങ്ങളിൽ ചിലർ കൂടുമാറിയേക്കും

ലോകകപ്പ് കാലമാകുമ്പോൾ ബ്രസീലിന്റെയും അർജന്റീനയുടെയും തെരുവുകളിലെ പോലെയുള്ള ആവേശം ഇങ്ങ് കൊച്ച് കേരളത്തിലും ദ്യശ്യമാകാറുണ്ട്. കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും സ്വന്തം രാജ്യത്തിന്റെയും നാടിന്റെയും ടീമിനെ പിന്തുണയ്ക്കാൻ നമ്മളും ആഗ്രഹിച്ചിട്ടുണ്ട്. ഐ.എസ് എൽ അങ്ങനെ ഒരു അവസരം കൊണ്ടുവന്നപ്പോൾ നാം ആ മഞ്ഞകുപ്പായക്കാരെ ഒരുപാട് സ്നേഹിച്ചു. എന്നാൽ ആരാധക പിന്തുണയ്ക്കൊത്ത് ഉയരാൻ സാധിക്കാതെ പല സീസണുകളിലും എല്ലാവരാലും എഴുതി തള്ളപ്പെട്ടു ആ ടീം. ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സീസണിലൂടെ കടന്നു പോകുമ്പോൾ ആരാധകർ ആ ടീമിനെയോർത്ത് അഭിമാനം കൊള്ളുന്നു .അതെ , കേരളത്തിന്റെ സ്വകാര്യ അഹങ്കാരം – കേരള ബ്ലാസ്റ്റേഴ്സ്

ഇപ്പോഴിതാ ആരാധകർ ഏറെ ആഗ്രഹിച്ച ആ വാർത്ത എത്തിക്കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല എന്ന് സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞിരിക്കുകയാണ്. കോച്ച് ഇവാനുമായി 2025 വരെ കരാറിൽ ഏർപ്പെട്ട ടീം കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെ എല്ലാം ടീം നില നിർത്തും.

സ്കിങ്കിസിന്റെ  വാക്കുകൾ ഇങ്ങനെ – “ടീമിന്റെ ഘടനക്ക് വലിയ മാറ്റം വരാതെ നോക്കും.താരങ്ങളിൽ ചിലർ അവർക്ക് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലർക്ക് വേറെ പ്രശ്നങ്ങളും ഉണ്ട്. ചെറിയ മാറ്റങ്ങൾ സ്വാഭാവികമായും ഉണ്ടാകും. എന്നാൽ അത് ടീമിന്റെ തുടർച്ചയെ ബാധിക്കാതെ നോക്കും. കരാർ പുതുക്കുന്നതും പുതിയ താരങ്ങളെ സ്വന്തമാക്കുന്നതുമായുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ട്. ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തകൾ ഉടൻ വരും. കേരള ബ്ലാസ്റ്റേഴ്സ് ഇനിയും മെച്ചപ്പെടാനുണ്ട്. ഒരു സീസണിൽ ഫൈനൽ എത്തിയത് കൊണ്ട് മാത്രം തങ്ങൾ വലിയ ടീമായെന്ന ധാരണ ഞങ്ങൾക്ക് ഇല്ല. ടീം വിനയം സൂക്ഷിച്ച് കൊണ്ട് കഠിനാധ്വാനം ചെയ്യുന്നത് തുടരും”. ഡയറക്ടർ പറഞ്ഞു.

സൂപ്പർ താരങ്ങളായ ലൂണയും,ലെസ്‌കോവിച്ചും തുടരുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്ത്യൻ താരങ്ങളിൽ കഴിഞ്ഞ സീസണിൽ മികച്ച് നിന്ന എല്ലാവരും തുടരാനാണ് സാധ്യത. ആരാധകർ ആഗ്രഹിച്ച പോലെ സ്ഥിരതയോടെ കളിക്കുന്ന ഒരു ടീമിനെ അടുത്ത വർഷവും കാണാൻ സാധിക്കും.