ബെംഗളൂരുവിന്റെ ഗോള്‍ റഫറിയുടെ പിഴവ് തന്നെ; ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് വിധിച്ച് മുന്‍ റഫറിമാര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു എഫ്‌സി താരം സുനില്‍ ഛേത്രിക്ക് ഗോള്‍ അനുവദിച്ചതിലെ വിവാദത്തില്‍ പ്രതികരിച്ച് ഇന്ത്യയിലെ മുന്‍ റഫറിമാര്‍. മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് ഇന്ത്യയിലെ മുന്‍ റഫറിമാര്‍ പ്രതികരിച്ചു.

അതു റഫറിയുടെ പിഴവാണെന്നു വ്യക്തമാണ്. എതിര്‍ ടീമിന് അപകടകരമായ ഏരിയയിലാണ് ബെംഗളൂരുവിന് ഫ്രീകിക്ക് അനുവദിച്ചത്. അതുകൊണ്ടു തന്നെ പ്രതിരോധ താരങ്ങളും ഗോള്‍ കീപ്പറും തയാറായ ശേഷമേ കിക്കെടുക്കാന്‍ അനുവദിക്കാവൂ. അതു റഫറി ശ്രദ്ധിക്കണമായിരുന്നു. റഫറിയുടെ നടപടി തെറ്റാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം (വാര്‍) ഉണ്ടായിരുന്നെങ്കില്‍ ഈ തീരുമാനം പിന്‍വലിക്കുമായിരുന്നു- ദേശീയ തലത്തില്‍ മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള റഫറി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

വിവാദ ഗോളില്‍ പ്രിതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കും മുന്‍പേ കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മാച്ച് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് സാദ്ധ്യതയുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ പരാതി കൂടി കേട്ട ശേഷമാകും തീരുമാനം.

എഐഎഫ്എഫിന്റെ അച്ചടക്ക മാനദണ്ഡമനുസരിച്ചു ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിസമ്മതിക്കുന്ന ടീമിനു മൂന്ന് ഗോള്‍ തോല്‍വിയും ആറ് ലക്ഷം രൂപ പിഴയുമാണു ശിക്ഷ. കുറ്റത്തിന്റെ ഗൗരവമനുസരിച്ചു സീസണ്‍ വിലക്കോ കനത്ത പിഴയോ വരെ ലഭിച്ചേക്കാം.