ഡ്രസിംഗ് റൂമില്‍ ഏറ്റുമുട്ടി ഡിബ്രുയ്നും ഹസാര്‍ഡും വെര്‍ടോഗനും, പിടിച്ചുമാറ്റി ലുകാകു

മൊറോക്കോയ്ക്ക് എതിരെ അപ്രതീക്ഷി തോല്‍വി ഏറ്റുവാങ്ങിയ ബെല്‍ജിയം താരങ്ങള്‍ ഡ്രസ്സിംഗ് റൂമില്‍ പരസ്പരം ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ട്. കെവിന്‍ ഡി ബ്രുയ്നും വെര്‍ടോഗനും ഈഡന്‍ ഹസാര്‍ഡും തമ്മില്‍ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ വെച്ച് വാക്കേറ്റമുണ്ടായതായതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പേരേയും ലുകാക്കു ഇടപെട്ടാണ് പിന്തിരിപ്പിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രായം ചെന്ന ടീമാണ് ബെല്‍ജിയം എന്ന് മത്സരത്തിന് മുന്‍പ് ഡി ബ്രുയ്ന്‍ മാധ്യമങ്ങളോട് പറഞ്ഞത് ടീമില്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായെന്നാണ് കരുതുന്നത്. മൊറോക്കോയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ ടീം അംഗങ്ങള്‍ വട്ടം ചേര്‍ന്ന് നിന്ന് സംസാരിച്ചപ്പോള്‍ സഹതാരങ്ങളുടെ തോളില്‍ കൈയിിടാതെയാണ് ഡിബ്രുയ്ന്‍ നിന്നത്. ഇതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

Belgium trio KDB, Jan Vertonghen and Hazard 'CLASHED' in dressing room| All  Football

മൊറോക്കോയോട് 2-0നാണ് ബെല്‍ജിയം തോറ്റത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി ഗ്രൂപ്പ് എഫില്‍ മൂന്നാം സ്ഥാനത്താണ് ബെല്‍ജിയം. നാല് പോയിന്റോടെ ക്രൊയേഷ്യയും മൊറോക്കോയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ബെല്‍ജിയം മൊറോക്കോയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ ബ്രസല്‍സിലെ തെരുവില്‍ കലാപം ആരംഭിച്ചു. നിരവധി വാഹനങ്ങളും കടകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. സാഹചര്യം കൂടുതല്‍ മോശമായതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

രാജ്യത്തെ മൊറോക്കന്‍ ആരാധകര്‍ ആഘോഷം തുടരുന്നതിനിടെ, ഇവര്‍ക്കിയിലേക്ക് ബെല്‍ജിയം ആരാധാകര്‍ പടക്കങ്ങളും ഇഷ്ടികകളും എറിയുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബ്രസല്‍സ് മേയര്‍ ഫിലിപ്പ് ക്ലോസ് അക്രമത്തെ അപലപിച്ചു.