ഐ.എസ്.എല്ലില്‍ കളിക്കാരന് കോവിഡ് ; എടികെ  ഒഡീഷാ എഫ്‌സി മത്സരം മാറ്റി

കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ ഇന്നു നടക്കേണ്ടിയിരുന്ന എടികെ മോഹന്‍ബഗാന്‍ – ഒഡീഷ എഫ്‌സി മത്സരം മാറ്റിവെച്ചു. എടികെയുടെ ഒരു കളിക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മത്സരം മാറ്റിയത്. ഇന്ന് നടക്കേണ്ടിയിരുന്ന 53 ാമത്തെ മത്സരം മറ്റൊരു ഡേറ്റിലേക്ക് മാറ്റിയതായി എടികെ മോഹന്‍ ബഗാന്‍ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ സീസണില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന എടികെ മോഹന്‍ബഗാന്‍ ഒഡീഷയുമായുള്ള മത്സരം ഫറ്റോര്‍ദയിലെ പിജെഎന്‍ സ്‌റ്റേഡീയത്തിലായിരുന്നു നടക്കേണ്ടിയിരുന്നത്. ഈ സീസണില്‍ ഇതുവരെ 15 പോയിന്റുമായി മുന്നേറുകയാണ് എടികെ. മറുവശത്ത് മികച്ചരീതിയില്‍ തുടങ്ങിയ ശേഷം തുടര്‍ച്ചയായി നാലു തോല്‍വികള്‍ നേരിടുകയും ഒരു മത്സരം സമനിലയില്‍ ആകുകയും ചെയ്ത നിലയിലാണ് ഒഡീഷ. കരുത്തരായ എടികെ യ്ക്ക് എതിരേ വിജയവഴിയില്‍ തിരിച്ചെത്താമെന്നാണ് അവര്‍ കരുതുന്നത്.

Read more

ലീഗിന്റെ മെഡിക്കല്‍ ടീമുമായി ആലോചിച്ച ശേഷമാണ് തീരുമാനം എടുത്തിരിക്കുന്നതെന്നും ട്വീറ്റില്‍ എടികെ വ്യക്തമാക്കിയിട്ടുണ്ട്. കളിക്കാരുടേയും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ മെഡിക്കല്‍ രംഗത്തെ വിദഗ്ദധരുടെയും സേവനം തേടിയിട്ടുണ്ട്. കോവിഡ് ബാധിച്ച കളിക്കാരന്റെ വിവരം ക്ലബ്ബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോവിഡ് ഭീതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കാണികളില്ലാത്ത സീസണാണ് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നടന്നുവരുന്നത്.