സൂപ്പര്‍ താരം ടീം വിട്ടു; സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്‌സ് 

കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. 2021-2022 ഐഎസ്എല്‍ ഫുട്ബോള്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ കുന്തമുനയായിരുന്ന സ്പാനിഷ് സ്ട്രൈക്കര്‍ ആല്‍വാരൊ വാസ്‌ക്വെസ് ക്ലബ് വിട്ടു. താരം ടീം വിട്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യം ബ്ലാസ്റ്റേഴ്സ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു വര്‍ഷത്തെ കരാറില്‍ കേരള ബ്ലാസ്റ്റേഴ്സില്‍ എത്തിയ വാസ്‌ക്വെസ് ഐഎസ്എല്‍ ക്ലബ്ബായ എഫ് സി ഗോവയുമായി കരാറിലായി. എഫ് സി ഗോവയുമായി രണ്ട് വര്‍ഷ കരാറിലാണ് വാസ്‌ക്വെസ് ഒപ്പു വച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

2022-2023 ഐഎസ്എല്‍ സീസണിലേക്ക് എഫ് സി ഗോവ ഒപ്പിടുന്ന ആദ്യ കളിക്കാരനാണ് ആല്‍വാരൊ വാസ്‌ക്വെസിന്റേത്. സീസണിലെ ആദ്യ കരാറില്‍ തന്നെ ഐ എസ് എല്ലിലെ മറ്റ് ക്ലബ്ബുകളെ ഞെട്ടിച്ചിരിക്കുകയാണ് എഫ് സി ഗോവ എന്നതാണ് വാസ്തവം.

എടികെ മോഹന്‍ ബഗാന്‍, മുന്‍ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, അമേരിക്കന്‍ സോക്കര്‍ ലീഗ് ക്ലബ്ബുകള്‍, ചൈനീസ് ക്ലബ്ബുകള്‍ തുടങ്ങിയവ എല്ലാം വാസ്‌ക്വെസിനായി രംഗത്തുണ്ടായിരുന്നു.

ലോംഗ് റേഞ്ച് ഷോട്ടുകളിലൂടെ ഗോള്‍ നേടുന്നതില്‍ തനിക്കുള്ള പ്രത്യേക പ്രാഗല്‍ഭ്യം വാസ്‌ക്വെസ് കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ പുറത്തെടുത്തിരുന്നു എന്നതാണ് ശ്രദ്ധേയം. കേരള ബ്ലാസ്റ്റേഴ്സിനായി 23 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ വാസ്‌ക്വെസ് എട്ട് ഗോള്‍ നേടുകയും രണ്ട് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു.