'ഇത് അപമാനകരം, മെസി അത് അര്‍ഹിച്ചിരുന്നില്ല'; തുറന്നടിച്ച് മാധ്യമങ്ങളും മുന്‍ താരങ്ങളും

ലോക ഫുട്‌ബോളിലെ മഹനീയ ബഹുമതിയായ ബാലണ്‍ ഡി ഓര്‍, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് നല്‍കിയതിനെതിരെ ജര്‍മ്മന്‍ മാധ്യമങ്ങളും മുന്‍ താരങ്ങളും രംഗത്ത്. മെസി അവാര്‍ഡിന് അര്‍ഹനായിരുന്നില്ലെന്നും ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിച്ചിന്റെ പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിക്കാണ് പുരസ്‌കാരം നല്‍കേണ്ടിയിരുന്നതെന്നും വിമര്‍ശകര്‍ തുറന്നടിച്ചു.

ലോകത്തെ കുറിച്ച് കൂടുതലൊന്നും മനസിലാകുന്നില്ലെന്നാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാര പ്രഖ്യാപനശേഷം ജര്‍മ്മന്‍ ഇതിഹാസം ലോതര്‍ മത്തേവൂസ് പറഞ്ഞത്. മെസി അവാര്‍ഡിന് തീര്‍ത്തും അനര്‍ഹനാണെന്ന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ ജര്‍മ്മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഒരു ദശകമായി മെസിയും ക്രിസ്റ്റിയാനോയുമായിരുന്നു ലോകത്തെ ഏറ്റവും മികച്ച താരങ്ങളെന്നും എന്നാല്‍ ഇക്കുറി മറ്റു കളിക്കാര്‍ ഇരുവര്‍ക്കും മുകളില്‍ വരേണ്ടതായിരുന്നെന്നും ക്രൂസ് പറഞ്ഞു.

ഫുട്‌ബോള്‍ അവാര്‍ഡുകളെ വിശ്വസിക്കാന്‍ കൊള്ളാതായെന്നാണ് സ്‌പെയ്‌നിന്റെ ഇതിഹാസ ഗോളി ഐകര്‍ കസിയസിന്റെ പ്രതികരണം. ‘ഇതു സത്യമായിരിക്കില്ല’ എന്ന് ജര്‍മ്മന്‍ പത്രമായ ബില്‍ഡ് മെസിയുടെ അവാര്‍ഡ് വാര്‍ത്തയെ വിലയിരുത്തി. അപമാനകരമായ തെരഞ്ഞെടുക്കല്‍ എന്നും പത്രം പരിതപിക്കുന്നു.

കഴിഞ്ഞ രണ്ടു സീസണുകളിലായി ബയേണിനുവേണ്ടി ഉശിരന്‍ പ്രകടനം തുടരുന്ന സ്‌ട്രൈക്കറാണ് ലെവന്‍ഡോവ്‌സ്‌കി 2010-20 സീസണില്‍ ബയേണിന് ട്രിപ്പിള്‍ കിരീടം സമ്മാനിച്ച ലെവന്‍ഡോവ്‌സ്‌കി 47 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ലെവന്‍ഡോവ്‌സ്‌കിക്ക് ബാലണ്‍ ഡി ഓര്‍ സമ്മാനിക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ കോവിഡ് കാരണം അവാര്‍ഡ് ഉപേക്ഷിച്ചത് താരത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തു.

2020-21 സീസണിലും ലെവന്‍ഡോവ്‌സ്‌കി മോശമാക്കിയില്ല. ക്ലബ്ബിനായി 38 ഗോളുകളും ബുണ്ടസ് ലിഗ ട്രോഫിയും പോളിഷ് ഫോര്‍വേഡ് സ്വന്തമാക്കി. പക്ഷേ, കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ ജേതാക്കളാക്കിയ മെസിയുടെ മികവിനെ മറികടക്കാന്‍ അതു പോരായിരുന്നു.